നിയമലംഘനം ; 10,539 വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് ചീഫ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
ദുബൈ: 2025ൽ നിയമലംഘനം നടത്തിയ 10,539 വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലീസ്. അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നതിന് 4,709 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. 3,434 മോട്ടോർ വാഹനങ്ങളും 7,105 സൈക്കിളുകളും ഇലക്ട്രിക് സൈക്കിളുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെയും റോഡിലെ അപകടകരമായ പെരുമാറ്റങ്ങൾ തടയുന്നതിന്‍റെയും ഭാഗമായാണ് നടപടി.
ഗതാഗത വകുപ്പിൽ നടത്തിയ വാർഷിക വിലയിരുത്തലിനിടെയാണ് ദുബൈ പൊലീസ് ചീഫ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഈ കണക്കുകൾ വ്യക്തമാക്കിയത്. വാഹനങ്ങളുടെ അമിത ശബ്ദത്തെക്കുറിച്ച് 750 പരാതികളും അപകടകരമായ ഡ്രൈവിങ്ങിനെക്കുറിച്ച് 926 പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിയമലംഘനങ്ങൾ നിരീക്ഷിക്കാനും പരിശോധന കർശനമാക്കാനുമായി ആറ് പ്രധാന മേഖലകളിൽ പ്രത്യേക ഫീൽഡ് ടീമുകളെ ദുബൈ പൊലീസ് നിയോഗിച്ചു.
ഭാവിയിലെ റോഡ് അപകടങ്ങളും ഗതാഗത പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാനും പരിഹരിക്കാനുമുള്ള അത്യാധുനിക സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്‍റ് സംവിധാനങ്ങളും ലെഫ്. ജനറൽ അൽ മർറി പരിശോധിച്ചു. ‘അമാൻ റോഡ്സ്’ എന്ന ട്രാഫിക് സുരക്ഷ പ്ലാറ്റ്‌ഫോമിന്‍റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
സ്കൂളുകൾക്ക് സമീപമുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ പങ്കാളികളായ സെക്യൂരിറ്റി ഗാർഡുകൾ, വോളന്‍റിയർമാർ, സ്കൂൾ അധികൃതർ എന്നിവരെ പരിശോധനയുടെ അവസാനത്തിൽ അദ്ദേഹം ആദരിച്ചു. നഗരവളർച്ചക്കൊപ്പം റോഡ് സുരക്ഷ നിലനിർത്താൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

