സങ്കീർണ സ്ഥലങ്ങളിൽ ദുബൈ പൊലീസിന്റെ റോബോട്ട് ഇറങ്ങും
text_fieldsകാലിബർ മിനി ഫ്ലക്സ് റോബോട്ട് ഉന്നത ദുബൈ പൊലീസ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു
ദുബൈ: സങ്കീർണവും അപകട സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ പരിശോധന നടത്താൻ അത്യാധുനിക റോബോട്ട് പുറത്തിറക്കി ദുബൈ പൊലീസ്. ഫീൽഡ് ഓപറേഷനുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് റോബോട്ട് രൂപപ്പെടുത്തിയത്. കാലിബർ മിനി ഫ്ലക്സ് റോബോട്ടിന് 36.7 കി.ഗ്രാമാണ് തൂക്കം. ഇതിന് 11 കി.ഗ്രാംവരെ തൂക്കമുള്ള വസ്തുക്കൾ ചുമന്നെടുക്കാൻ സാധിക്കും. 45 ഡിഗ്രിവരെ ആംഗിളിൽ പടികൾ കയറാൻ ഇതിന് കാലുകൾ ഉപയോഗിച്ച് കഴിയും. മുൻഭാഗത്തും പിൻഭാഗത്തും സൂം ചെയ്യാനാകുന്ന ഉയർന്ന റെസല്യൂഷൻ കാമറ സംവിധാനവും എല്ലാ സാഹചര്യങ്ങളിലും വെളിച്ചം ഉറപ്പാക്കുന്നതിന് ഇൻഫ്രാറെഡ്, വെള്ള എൽ.ഇ.ഡി ലൈറ്റിങ് സംവിധാനമുള്ള ആം-മൗണ്ടഡ് കാമറയും സജ്ജീകരിച്ചിട്ടുണ്ട്.
പോർട്ടബിൾ ടച്ച് സ്ക്രീൻ യൂനിറ്റ് അല്ലെങ്കിൽ ഗെയിമിങ്-സ്റ്റൈൽ കൺട്രോളർ വഴി നിയന്ത്രിക്കപ്പെടുന്ന ഈ റോബോട്ടിൽ, ആയുധത്തിൽ ഘടിപ്പിച്ച കാമറ, ഫയറിങ് സർക്യൂട്ട്, കൂട്ടിയിടിക്കൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയുമുണ്ട്. ഇതുകൂടാതെ ത്രീഡി ഇന്റർഫേസ് വഴി തത്സമയ വിഡിയോ, ഓഡിയോ സ്ട്രീമിങ്ങിന് സഹായിക്കുകയും ചെയ്യും. ഇതിലൂടെ സങ്കീർണവും അപകടകരവുമായ സ്ഥലങ്ങളിലെ സാഹചര്യം പൊലീസിന് മനസ്സിലാക്കാൻ സാധിക്കും.
ദുബൈ പൊലീസിലെ ഓപറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥിയുടെ നേതൃത്വത്തിലാണ് റോബോട്ട് പുറത്തിറക്കിയത്. സങ്കീർണമായ ചുറ്റുപാടുകളിൽ സുരക്ഷിതവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് ഫീൽഡ് ടീമുകളെ സജ്ജമാക്കുന്നതിനും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബൈ പൊലീസിന്റെ പരിശ്രമത്തിന്റെ ഭാഗമാണ് റോബോട്ട് വിന്യാസമെന്ന് മേജർ ജനറൽ അൽ ഗൈഥി പറഞ്ഞു. ഐ.സി.ഒ.ആർ പോലുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ആഗോളതലത്തിലെ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള പൊലീസിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

