വഴിതെറ്റിപ്പോയ ബാലികയെ അരമണിക്കൂറിനകം കുടുംബത്തിന് കൈമാറി ദുബൈ പൊലീസ്
text_fieldsദുബൈ: ദുബൈയിൽ വഴിതെറ്റിപ്പോയ ആറുവയസ്സുകാരിയെ വിവരം ലഭിച്ച് അരമണിക്കൂറിനകം കുടുംബത്തിന് കൈമാറി ദുബൈ പൊലീസ്. നായിഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദ്രുതഗതിയിലുള്ള തെരച്ചിലാണ് കുട്ടിയെ പെട്ടെന്ന് തന്നെ സുരക്ഷിതമായി കണ്ടെത്താൻ സഹായിച്ചത്. പൊതുസ്ഥലങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വഴിതെറ്റിപ്പോയാൽ എന്തുചെയ്യണമെന്ന് അവരെ പഠിപ്പിക്കണമെന്നും സംഭവം മുൻനിർത്തി പൊലീസ് മാതാപിതാക്കളെ ഓർമിപ്പിച്ചു.
ഫ്രിജ് അൽ മുറാർ പ്രദേശത്തുനിന്ന് കുട്ടിയെ കാണാതായെന്ന വിവരമാണ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ നിന്ന് നായിഫ് പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബിഗേഡിയർ ഉമർ മൂസ ആശൂറിന്‍റെ നേതൃത്വത്തിൽ ഉടൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കുട്ടിയുടെ ചിത്രം പൊലീസ് പട്രോളിങ് സംഘങ്ങൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ അരമണിക്കൂറിനുള്ളിൽ പെൺകുട്ടിയെ പൊലീസ് പട്രോൾ സംഘം കണ്ടെത്തുകയായിരുന്നു.
കണ്ടെത്തുമ്പോൾ കുട്ടി ഏറെ പരിഭ്രാന്തയായി കരയുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയെ സുരക്ഷിതമായി നായിഫ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിക്ടിം കമ്യൂണിക്കേഷൻ സെക്ഷന്‍റെ നേതൃത്വത്തിൽ ആവശ്യമായ പരിചരണവും സംരക്ഷണവും നൽകുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച ശേഷം പിതാവ് വരുന്നതുവരെ കുട്ടിക്ക് പൊലീസുകാർ കൂട്ടായിരുന്നു. കുടുംബം എത്തിയതോടെ സുരക്ഷിതമായി അവർക്ക് കൈമാറുകയും ചെയ്തു.
വീടിനടുത്തുള്ള ഗ്രോസറിയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. സാധനങ്ങൾ വാങ്ങി തിരിഞ്ഞുനോക്കിയപ്പോൾ കുട്ടിയെ കണ്ടില്ല. വീട്ടിലേക്ക് തിരികെ പോയിരിക്കുമെന്ന ധാരണയിലായിരുന്നു. വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പിതാവ് പൊലീസിന്റെ സഹായം തേടിയത്.
കുട്ടികളെ പൊതുസ്ഥലങ്ങളിൽ ഒറ്റക്ക് വിടരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ പ്രാഥമിക ചുമതലയാണെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. തിരക്കുള്ള സ്ഥലങ്ങളിൽ വെച്ച് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞുപോയാൽ എന്തുചെയ്യണമെന്ന് കുട്ടികളെ മുൻകൂട്ടി പഠിപ്പിക്കണം. വഴിതെറ്റിയാൽ പൊലീസ് ഉദ്യോഗസ്ഥരെയോ സെക്യൂരിറ്റി ജീവനക്കാരെയോ സമീപിച്ച് സഹായം തേടാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

