20 ലക്ഷം ദിർഹമിന്‍റെ വെള്ളിക്കട്ടി അടങ്ങിയ ബാഗ് ഉടമക്ക് കൈമാറി ദുബൈ പൊലീസ്
text_fieldsവെള്ളിക്കട്ടികൾ അടങ്ങിയ ഹാൻഡ് ബാഗ് പൊലീസ്
ഉടമസ്ഥന് കൈമാറുന്നു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പട്രോളിങ്ങിനിടെ, ഏകദേശം 20 ലക്ഷം ദിർഹം വിലമതിക്കുന്ന വെള്ളിക്കട്ടികൾ അടങ്ങിയ ഹാൻഡ്ബാഗ് കണ്ടെത്തി ദുബൈ പൊലീസ് ഉടമക്ക് കൈമാറി. യാത്രക്കാരുടെ തിരക്കിനിടയിൽ നഷ്ടപ്പെട്ട ബാഗാണ് കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തി യാത്രക്കാരന് തിരിച്ചേൽപിച്ചത്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് കറുത്ത ഹാൻഡ്ബാഗ് എവിടെയോ മറന്നുവെച്ചതായി ഏഷ്യക്കാരനായ യാത്രക്കാരൻ ടെർമിനൽ 1-ൽ ഡിപാർച്ചർ ഹാളിലെ ഫൂട്ട് പട്രോളിങ് ഓഫിസറെ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പരാതി ലഭിച്ചയുടൻ ഓപറേഷൻസ് റൂം തിരച്ചിൽ നടപടികൾ ആരംഭിച്ചു. ടെർമിനലിനുള്ളിലെ യാത്രക്കാരന്റെ നീക്കങ്ങൾ വിശദമായി പരിശോധിച്ചു. വിമാനത്താവളത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബാഗ് കണ്ടെത്തുന്നതിനായി നിരവധി ഫൂട്ട് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. വിപുലമായ തിരച്ചിലിനൊടുവിൽ ഉദ്യോഗസ്ഥർ ഹാൻഡ്ബാഗ് കണ്ടെത്തി. ബാഗിനുള്ളിൽ ഏകദേശം രണ്ടു മില്യൺ ദിർഹം വിലമതിക്കുന്ന വെള്ളിക്കട്ടികൾ ഉണ്ടെന്ന് അവർ ഉറപ്പുവരുത്തി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച്, ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച ശേഷമാണ് ഔദ്യോഗിക രസീത് നൽകി ബാഗ് യാത്രക്കാരന് കൈമാറിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിനെയും ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ടീമുകളുടെ പ്രൊഫഷനലിസത്തെയും അഭിനന്ദിച്ച യാത്രക്കാരൻ, അവർക്ക് നന്ദി പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

