ദുബൈ പൊലീസ് രജിസ്റ്റർ ചെയ്തത് 29,000 ട്രാഫിക് കേസുകൾ
text_fieldsദുബൈ: പൊതുജനങ്ങളുടെ സഹായത്തോടെ ദുബൈ പൊലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 29,000 ട്രാഫിക് കേസുകൾ. 'നമ്മളെല്ലാം പൊലീസാണ്' എന്ന കാമ്പയിനിലൂടെയാണ് ജനപങ്കാളിത്തത്തോടെ ഗതാഗത നിയമലംഘനങ്ങൾ പൊലീസ് കണ്ടെത്തിയത്.
ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്, 901 എന്ന കോൾ സെന്റർ എന്നിവ വഴിയാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിടില്ല.
ഒരാൾക്കെതിരെ മറ്റൊരാൾ നിയമലംഘനം റിപ്പോർട്ട് ചെയ്താൽ ഉടൻ നടപടിയെടുക്കില്ലെന്നും വിവരങ്ങൾ അന്വേഷിച്ച ശേഷമായിരിക്കും നടപടിയെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി വെളിപ്പെടുത്തി. കാമറകൾ പരിശോധിക്കുകയും നിയമലംഘനം നടത്തിയയാളെ ബന്ധപ്പെടുകയും ചെയ്യും.
ഇതിന് ശേഷം മാത്രമേ പിഴ ഈടാക്കൂ. പൊലീസ് ഓഫിസർമാരും ആപ്ലിക്കേഷൻ വഴി നിയമലംഘനം റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ കേസുകളിൽ കൂടുതൽ പരിശോധന ഇല്ലാതെ ഉടൻ പിഴ ഈടാക്കാനുള്ള നിർദേശം നൽകും. തെറ്റായ വിവരം നൽകി ഈ സംവിധാനം ദുരുപയോഗം
ചെയ്താൽ നടപടിയെടുക്കും. പൊതുസമൂഹം ഈ ഉദ്യമം ഏറ്റെടുക്കണമെന്നും അൽ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

