ദുബൈ പൊലീസിന് അന്താരാഷ്ട്ര ബാലസംരക്ഷണ അംഗീകാരം
text_fieldsദുബൈ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ചൈൽഡ് അബ്യൂസ് ആൻഡ് നെഗ്ലെക്റ്റിന്‍റെ (ഐ.എസ്.പി.സി.എ.എൻ) അംഗീകാരം നേടുന്ന ആദ്യ പൊലീസ് സ്ഥാപനമായി ദുബൈ പൊലീസ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ദുബൈ പൊലീസിന്‍റെ ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.
കുട്ടികൾക്ക് സുരക്ഷിതവും സമഗ്രവുമായ സംരക്ഷണം നൽകുന്നതിനായി ദുബൈ പൊലീസ് സജ്ജമാക്കിയ ‘ചൈൽഡ് ഒയാസിസ്’ എന്ന മൾട്ടിഡിസിപ്ലിനറി കേന്ദ്രത്തിന്‍റെ സേവനങ്ങളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. പീഡനങ്ങൾക്കോ പ്രയാസങ്ങൾക്കോ ഇരയാകുന്ന കുട്ടികൾക്ക് മാനസിക സമ്മർദമില്ലാതെ മൊഴി നൽകാനും ആവശ്യമായ നിയമ-സാമൂഹിക-മാനസിക പിന്തുണ ലഭ്യമാക്കാനും കേന്ദ്രം സഹായിക്കുന്നു.
2026 ‘കുടുംബ വർഷമായി’ യു.എ.ഇ ആചരിക്കുന്ന വേളയിൽ ലഭിച്ച ഈ നേട്ടം രാജ്യത്തിന് വലിയ അഭിമാനമാണെന്ന് ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. രാജ്യത്തിന്‍റെ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാന്റെ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1977ൽ സ്ഥാപിതമായ ഐ.എസ്.പി.സി.എ.എനിന്‍റെ അംഗീകാരം ദുബൈ പൊലീസിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ആഗോള വിശ്വാസ്യതയുടെ സാക്ഷ്യമാണ്. ഈ നേട്ടത്തിലൂടെ ബാലസംരക്ഷണ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി മികച്ച മാതൃകകൾ പങ്കുവെക്കാനും പുതിയ ഗവേഷണങ്ങളും പരിശീലനങ്ങളും വഴി കുട്ടികൾക്കായുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ദുബൈ പൊലീസിന് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

