മഴയിൽ ദുബൈ പൊലീസിന് അരലക്ഷം സഹായ കോളുകൾ
text_fieldsകമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ
ദുബൈ: കനത്ത മഴ പെയ്ത വെള്ളിയാഴ്ച മാത്രം ദുബൈ പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് ലഭിച്ചത് 56,608 സഹായഭ്യർഥന കോളുകൾ. അടിയന്തര സാഹചര്യങ്ങളിൽ വിളിക്കാവുന്ന 999 എന്ന നമ്പറിലേക്കാണ് ഇത്രയധികം കോളുകൾ എത്തിയത്.
വെള്ളിയാഴ്ച രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിലായിരുന്നു മൊത്തം കോളുകൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കമാൻഡ് കൺട്രോൾ ടീം മുഴുവൻ കോളുകൾക്കും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കി.
സെന്‍ററിൽ എത്തിയ 97 ശതമാനം കോളുകൾക്കും 10 സെക്കൻഡിനുള്ളിൽ പ്രതികരിക്കാനും കഴിഞ്ഞു. കൂടാതെ യഥാസമയം സംഭവങ്ങൾ വിലയിരുത്തുകയും വെള്ളക്കെട്ടുകൾ ബാധിച്ച പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനായി പട്രോളിങ്, വിദഗ്ധ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു.
പൊതുജന സുരക്ഷ നിലനിർത്തുന്നതിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ നിർണായകമായ പങ്ക് വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന സഹായഭ്യർഥന കോളുകൾ. ദുബൈയുടെ എമർജൻസി മാനേജ്മെന്റിന്റെ മിടിക്കുന്ന ഹൃദയമാണ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ എന്ന് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരിസ് പറഞ്ഞു.
ജനങ്ങളുടെ ജീവന്‍റെയും സ്വത്തിന്‍റെയും സംരക്ഷണം ഉറപ്പാക്കുന്നതിനും സുരക്ഷ പ്രവർത്തനങ്ങൾ യഥാസമയം നിരീക്ഷിക്കുന്നതിനും കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ നൂതന സംവിധാനങ്ങൾ വഴി സാധ്യമാകുന്നുണ്ട്. ദുബൈയിലുടനീളം ഉയർന്ന റെസല്യൂഷനിലുള്ള വലിയ സ്ക്രീൻ ഡിസ്പ്ലേകൾ, വാർത്തവിതരണ സംവിധാനങ്ങൾ, ഓപറേഷൻസ് ഡാസ്കൾ എന്നിവ കമാൻഡ് സെന്‍ററിന്‍റെ സവിശേഷതകളാണ്.
ജി.പി.എസ് ഉപകരണങ്ങൾ ഉപയോഗിച്ച് ഈ സംവിധാനങ്ങൾ പട്രോളിങ് സംഘത്തിന്‍റെ കൃത്യമായ സ്ഥലം ട്രാക്ക് ചെയ്യുകയും സംഭവസ്ഥലത്തേക്ക് വേഗത്തിലും കാര്യക്ഷമമായും വയർലെസ് കമ്യൂണിക്കേഷനിലൂടെ നിർദേശം നൽകാനും സാധിക്കും. ദുബൈ സിവിൽ ഡിഫൻസ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തിലൂടെ അടിയന്തര സാഹചര്യങ്ങളിൽ സംയോജിതമായ പ്രതികരണം ഉറപ്പുവരുത്താനും കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

