750 ഉദ്യോഗസ്ഥർ, ഒമ്പത് ഡ്രോണുകൾ വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ സുസജ്ജമായി ദുബൈ പൊലീസ്
text_fieldsദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സുരക്ഷ മുന്നൊരുക്കങ്ങളെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു
ദുബൈ: പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർഥികളുടെ സുരക്ഷക്കായി സമഗ്ര പദ്ധതി പ്രഖ്യാപിച്ച് ദുബൈ പൊലീസ്. ‘ബാക് ടു സ്കൂൾ’ എന്ന പേരിലുള്ള സംരംഭത്തിന്‍റെ ഭാഗമായി എമിറേറ്റിലെ വിവിധ മേഖലകളിലായി 750 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 250 പട്രോൾ സംഘങ്ങൾ, ആഡംബര സുരക്ഷ വാഹനങ്ങൾ, മൗണ്ടഡ് യൂനിറ്റുകൾ, മോട്ടോർ സൈക്കിൾ പട്രോളുകൾ എന്നിവ ഇവർക്ക് സഹായത്തിനായി ഉണ്ടാകും.
കൂടാതെ നിരീക്ഷണം ശക്തിപ്പെടുത്താനായി ഒമ്പത് ഡ്രോണുകളുടെ സഹായവും ലഭ്യമാക്കുമെന്ന് ദുബൈ പൊലീസ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി. യു.എ.ഇയിലെ സ്കൂളുകൾ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത് ആഗസ്റ്റ് 25നാണ്.
അന്നേ ദിവസം അപകട രഹിത ദിനമായി നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രവേശിച്ച് പ്രതിജ്ഞയെടുത്ത ശേഷം അപകടമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്‍റുകൾ വരെ കുറക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
തിരക്കേറിയ സമയങ്ങളിൽ വാഹനയാത്രക്കാർക്കിടയിൽ സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സംരംഭം കഴിഞ്ഞ വർഷങ്ങളിലും പ്രഖ്യാപിച്ചിരുന്നു. സ്കൂൾ തുറക്കുന്ന ദിവസം കുട്ടികൾക്ക് മികച്ച സുരക്ഷയൊരുക്കുന്നതിനൊപ്പം റോഡപകടങ്ങൾ പരമാവധി കുറക്കാൻ ഇത്തരം സംരംഭങ്ങൾ സഹായകരമാണ്. വേഗത പരിധി മാനിക്കുക, സ്കൂൾ ബസുകൾക്ക് വഴിയൊരുക്കുക, വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകുക തുടങ്ങി ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യവും ദുബൈ പൊലീസ് ഉദ്യോഗസ്ഥർ എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

