മലയാളി പെൺകുട്ടിയുടെ സത്യസന്ധതക്ക് ദുബൈ പൊലീസിന്‍റെ ആദരം
text_fieldsദിയ പർവീനെ ദുബൈ പൊലീസ് ആദരിക്കുന്നു
ദുബൈ: വീണുകിട്ടിയ പഴ്സ് തിരികെ നൽകിയ മലയാളി പെൺകുട്ടിയുടെ സത്യസന്ധതക്ക് ദുബൈ പൊലീസിന്‍റെ ആദരം. എറണാകുളം മാഞ്ഞാലി പുത്തൻപറമ്പിൽ നാസറിന്‍റെയും നദീറയുടെയും മകൾ ദിയ പർവീനാണ് പൊലീസിന്‍റെ ആദരം ഏറ്റുവാങ്ങിയത്. ഖിസൈസ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് കുട്ടിയെ ആദരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഖിസൈസിലെ ബുസ്താൻ സെന്‍ററിന് സമീത്തുനിന്നാണ് ഇമാറാത്തി യുവതിയുടെ പഴ്സ് ദിയക്ക് ലഭിച്ചത്. 1200 ദിർഹമിന് പുറമെ എ.ടി.എം കാർഡ്, ഐ.ഡി കാർഡ്, ഇൻഷുറൻസ് കാർഡ് തുടങ്ങിയവയും പഴ്സിലുണ്ടായിരുന്നു. അന്നുതന്നെ പിതാവിനെയും കൂട്ടി ഖിസൈസ് പൊലീസ് സ്റ്റേഷനിലെത്തി പഴ്സ് കൈമാറി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പഴ്സിന്‍റെ ഉടമയെ പൊലീസ് കണ്ടെത്തുകയും കൈമാറുകയും ചെയ്തു. ഇവർ കുട്ടിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇതിന് പിറകെയാണ് ദുബൈ പൊലീസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്.
പറവൂർ ലിറ്റിൽ ഹാർട്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദിയ മൂന്ന് മാസത്തെ വിസിറ്റ് വിസയിലാണ് ദുബൈയിലെത്തിയത്. സ്കൂൾ അധികൃതർ പ്രത്യേക സൗകര്യം ചെയ്തതിനാൽ ഓൺലൈനിലായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. അടുത്ത മാസം നാട്ടിലേക്ക് തിരിച്ച് പോകും.
റാഷിദിയയിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവ് നാസർ മുമ്പും ഇത്തരം അനുഭവങ്ങളുണ്ടായിരുന്നു. ബാങ്കിൽനിന്ന് അധികമായി ലഭിച്ച തുക മൂന്ന് തവണ തിരിച്ചുനൽകിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കും ബാങ്കിൽ പോകാറുണ്ട്. ഒരിക്കൽ 9,000 ദിർഹമിന് പകരം 1.90 ലക്ഷം ദിർഹമാണ് ബാങ്കിൽനിന്ന് ലഭിച്ചത്. വീണ്ടും എണ്ണിനോക്കിയപ്പോഴാണ് കൂടുതൽ തുക ഉണ്ടെന്ന വിവരം അറിഞ്ഞത്. പണം അവരെ തിരിച്ചേൽപിക്കുകയും ചെയ്തു. പിന്നീട് രണ്ട് തവണയായി 10,000 ദിർഹം, 4000 ദിർഹം വീതം അധിക തുക ബാങ്കിൽനിന്ന് ലഭിച്ചു. ഇതും തിരികെ നൽകി സത്യസന്ധത കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

