പിഴയടക്കാത്തവരെ പിടികൂടാൻ ദുബൈ പൊലീസ് -‘പാർക്കിൻ’ സഹകരണം
text_fieldsദുബൈ പൊലീസ്-പാർക്കിൻ സഹകരണ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: പിഴയടക്കാത്തതും പിടിച്ചെടുക്കാൻ ഉത്തരവുള്ളതുമായ വാഹനങ്ങൾ കണ്ടെത്താൻ ദുബൈ പൊലീസും നഗരത്തിലെ പ്രധാന പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിനും കരാറിലെത്തി. പാർക്കിൻ നിയന്ത്രിക്കുന്ന സ്ഥാലങ്ങളിൽ ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്താൽ പൊലീസിന് ഉടൻ വിവരം ലഭിക്കുന്ന രീതിയിലാണ് സംവിധാനം പ്രവർത്തിക്കുക.
ഇതുവഴി അധികൃതർക്ക് വളരെ വേഗത്തിൽ നടപടി സ്വീകരിക്കാനാകും. പൊലീസിന്‍റെ ട്രാഫിക് മാനേജ്മെന്റ് സംവിധാനവും പാർക്കിനിന്‍റെ സ്മാർട് പാർക്കിങ് ആൻഡ് പേയ്മെന്റ് പ്ലാറ്റ്ഫോമും തമ്മിൽ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ക്രിമിനൽ, ട്രാഫിക് കേസുകളിൽ അകപ്പെട്ട വാഹനങ്ങൾ കണ്ടെത്തുന്നതിനും ഇതുവഴി ദുബൈയിലെ നിരത്തുകൾ സുരക്ഷിതമാക്കാനും സാധിക്കും.
എല്ലാ മേഖലയിലും ഡിജിറ്റൽവൽകരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തടസമില്ലാതെ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാനും സാധിക്കും. ദുബൈ നടന്ന ജൈടെക്സ് ഗ്ലോബൽ 2025ന്‍റെ വേദിയിലാണ് ദുബൈ പൊലീസും പാർക്കിനും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ചടങ്ങിൽ ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രി. ഇസ്സാം ഇബ്രാഹീം അൽ അവാർ, പാർക്കിൻ സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ അലി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ദുബൈയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് പൊതു-സ്വകാര്യ സംവിധാനങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാറെന്ന് ബ്രി. അൽ അവാർ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നത് ഗതാഗതവും പാർക്കിങും കൂടുതൽ കാര്യക്ഷമമാക്കാൻ ഇരു കൂട്ടരെയും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരങ്ങൾ സമയാസമയങ്ങളിൽ കൈമാറാൻ സാധിക്കുമെന്നും ദുബൈയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട സംരംഭത്തിൽ ദുബൈ പൊലീസുമായി പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് പാർക്കിൻ സി.ഇ.ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. പാർക്കിങും ട്രാഫിക് നിയന്ത്രണവും കൂടുതൽ സ്മാർട്ടും സുരക്ഷിതവും കാര്യക്ഷമമുമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

