പ്ലാറ്റിനം ജൂബിലിയിൽ ദുബൈ പൊലീസ്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായ ദുബൈക്ക് പിന്നിലെ പ്രധാന കരുത്തായ ദുബൈ പൊലീസിന് എഴുപത് വയസ്സ്. 1956ൽ വളരെ ലളിതമായ രീതിയിൽ ആരംഭിച്ച്, ഇന്ന് സ്മാർട്ട് പൊലീസിങ്ങിന്‍റെ ആഗോള മാതൃകയായി മാറിയിരിക്കുകയാണ് ദുബൈ പൊലീസ്. സമൂഹത്തിന് സുരക്ഷയേകിയും പുതുമകൾ നെഞ്ചിലേറ്റിയും ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ, ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റിയെടുക്കുന്നതിൽ സേനയുടെ പങ്ക് അളവറ്റതാണ്.
ആധുനിക പൊലീസിങ്ങിന്‍റെയും ഉന്നത നിലവാരത്തിന്‍റെയും ഭാവി സജ്ജീകരണങ്ങളുടെയും മാനദണ്ഡമാക്കി ദുബൈ പൊലീസിനെ മാറ്റിയ ഐതിഹാസിക യാത്രയെക്കുറിച്ച് എഴുപതാം വാർഷിക വേളയിൽ, ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സംസാരിക്കുന്നു.
‘70 വർഷങ്ങൾക്ക് മുമ്പ്, വികസനത്തിന്‍റെയും അഭിവൃദ്ധിയുടെയും ശക്തിസാന്നിധ്യമായി മാറാൻ പോകുന്ന സുരക്ഷാ സംവിധാനത്തിനാണ് ദീർഘവീക്ഷണത്തോടെ ദുബൈ അടിത്തറ പാകിയത്.
ഇന്ന്, പൊലീസിങ് രംഗത്തെ പുതുമകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്മാർട്ട് സേവനങ്ങൾ, മുൻകൂട്ടിയുള്ള സുരക്ഷ പരിഹാരങ്ങൾ എന്നിവയിലെ മിടുക്കിന്‍റെ പേരിൽ ദുബൈ പൊലീസ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലുടനീളം, സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനൊപ്പം ദുബൈയുടെ സാമ്പത്തിക വളർച്ചയെയും സാമൂഹിക വികസനത്തെയും പിന്തുണക്കുന്നതിലും ഈ സേന മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.’
പ്രതിസന്ധി മറികടക്കാനുള്ള കരുത്ത്
മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള ദുബൈ പൊലീസിന്‍റെ കഴിവിനെ അൽ മർറി എടുത്തുപറഞ്ഞു. മുൻകൂട്ടിയുള്ള ആസൂത്രണം, പ്രവർത്തന സജ്ജത, യോഗ്യരായ ഉദ്യോഗസ്ഥർ, അപ്രതീക്ഷിത വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാൻ ശേഷിയുള്ള സംവിധാനം എന്നിവയിലൂടെ അസാധാരണ പ്രതിരോധ ശേഷിയാണ് സേന പ്രകടിപ്പിക്കാറുള്ളത്.
കഴിഞ്ഞ ദശകങ്ങളിൽ പ്രാദേശികവും ആഗോളവുമായ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുകൂടി, സുരക്ഷ, ട്രാഫിക്, കുറ്റാന്വേഷണം, കമ്യൂണിറ്റി സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ നൽകാൻ ദുബൈ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഇത് പ്രാദേശികമായും അന്തർദേശീയമായും പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചു.
ഭരണ നേതൃത്വത്തിന്‍റെ പിന്തുണ
യു.എ.ഇ ഭരണകൂടത്തിന്‍റെ പിന്തുണയും ദീർഘവീക്ഷണവുമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് അൽ മർറി പറഞ്ഞു. സുരക്ഷ, സുരക്ഷിതത്വം, ജീവിതനിലവാരം എന്നിവയിൽ ദുബൈ പൊലീസിന് ആഗോളതലത്തിൽ വലിയ അംഗീകാരം നേടിക്കൊടുക്കാൻ സഹായിച്ച പ്രധാന ഘടകം ഇതാണ്. ദുബൈയുടെ വികസനക്കുതിപ്പിനും സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർണായക പങ്കുവഹിച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂമിന്റെ മാർഗനിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂം, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശെഖ് മഖ്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂം എന്നിവരുടെ തുടർച്ചയായ പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്‍റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാന്റെ പിന്തുണയും അൽ മർറി എടുത്തുപറഞ്ഞു.
ഏഴ് പതിറ്റാണ്ടുകളായി സേനയിൽ സേവനമനുഷ്ഠിച്ച വിവിധ തലമുറകളിലെ ഓഫീസർമാർക്കും ജീവനക്കാർക്കും കമാൻഡർ ഇൻ ചീഫ് ആദരവ് അർപ്പിച്ചു.
‘ദുബൈ പൊലീസിന്‍റെ മുമ്പുണ്ടായിരുന്നതും നിലവിലുള്ളതുമായ എല്ലാ അംഗങ്ങളോടും ആഴത്തിലുള്ള നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. അവരുടെ അർപ്പണബോധവും വിശ്വസ്തതയും കഠിനാധ്വാനവുമാണ് ഈ അഭിമാനകരമായ ദേശീയ പൈതൃകം കെട്ടിപ്പടുക്കാൻ സഹായിച്ചത്," അദ്ദേഹം പറഞ്ഞു.
അബ്ദുല്ല ഖലീഫ അൽ മർറി
‘വികാസത്തിന്‍റെ ഏഴു ഘട്ടങ്ങൾ’
ദുബൈ പൊലീസിന്‍റെ വളർച്ചയെ അതിന്‍റെ ഔദ്യോഗിക വ്യക്തിത്വവും പ്രവർത്തന മികവും രൂപപ്പെടുത്തിയ ഏഴ് പ്രധാന ഘട്ടങ്ങളായി തിരിക്കാം. തുടക്ക ഘട്ടം ദുബൈയിൽ ആധുനിക പൊലീസിങ്ങിന്‍റെ അടിത്തറ പാകിയ കാലഘട്ടമായിരുന്നു. അന്താരാഷ്ട്ര പൊലീസിങ് മാനദണ്ഡങ്ങൾക്കും മികച്ച പ്രവർത്തനരീതികൾക്കും ഒപ്പമെത്താൻ സേനയെ പ്രാപ്തമാക്കിയതായിരുന്നു അടുത്ത പടി.
വെല്ലുവിളികൾ മുൻകൂട്ടി കാണുകയും നൂതന സേവനങ്ങൾ നൽകുകയും ചെയ്യുന്ന സജീവ സംഘടനയായി ദുബൈ പൊലീസ് മാറിയ ഘട്ടമാണ് അടുത്തത്. പിന്നാലെ, സേനയുടെ പ്രവർത്തനക്ഷമത, ഗുണനിലവാര മാനദണ്ഡങ്ങൾ, കാര്യക്ഷമത എന്നിവ ശക്തിപ്പെടുത്തിയ ഘട്ടമെത്തി. സുരക്ഷാ നവീകരണത്തിൽ അന്താരാഷ്ട്ര മാതൃകയായി ദുബൈ പൊലീസ് ഉയർന്നുവന്നത് അടുത്ത ഘട്ടത്തിലാണ്.
സേനയിലുടനീളം നവീകരണത്തിന്‍റെയും ഭാവി ദീർഘവീക്ഷണത്തിന്‍റെയും സംസ്കാരം ആഴത്തിൽ പതിപ്പിച്ച ഘട്ടമായിരുന്നു ആറാമത്തേത്. ഒടുവിൽ നിലവിലെ ഈ ഘട്ടത്തിൽ, ദുബൈയുടെ ഭാവി മോഹങ്ങൾക്കും യു.എ.ഇയുടെ ദേശീയ കാഴ്ചപ്പാടിനും അനുസൃതമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അത്യാധുനിക സാങ്കേതികവിദ്യകൾ, ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ എന്നിവയിലൂടെ പ്രവർത്തിക്കുന്ന സുസ്ഥിര ഡിജിറ്റൽ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭാവിയിലേക്കും പ്രതിജ്ഞാബദ്ധം
പ്ലാറ്റിനം ജൂബിലി വേളയിൽ, സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി തദ്ദേശീയരായ പ്രതിഭകൾ, പുത്തൻ സാങ്കേതികവിദ്യകൾ, നവീകരണം എന്നിവ ലക്ഷ്യമിട്ട് നിക്ഷേപം തുടരാൻ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അൽ മർറി പറഞ്ഞു. സമൂഹത്തെ സംരക്ഷിക്കുന്നതിനും നേട്ടങ്ങൾ നിലനിർത്തുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ദുബൈ പൊലീസിന്‍റെ ദൃഢനിശ്ചയം അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

