ഭിന്നശേഷിക്കാരനായ നാലു വയസ്സുകാരന് സാന്ത്വനവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: മാനസിക വെല്ലുവിളി നേരിടുന്ന നാലു വയസ്സുകാരനും കുടുംബത്തിനും ആശ്വാസവുമായി ദുബൈ പൊലീസ്. ദുബൈ പൊലീസ് ജീവനക്കാർക്കുള്ള പ്രത്യേകാവകാശ സംവിധാനമായ 'ഇസത്ത്' കാർഡ് വഴി കുഞ്ഞിെൻറ ചികിത്സച്ചെലവ് പൂർണമായും ദുബൈ പൊലീസ് വഹിക്കും. ഹോപ് അബിലിറ്റേഷൻ മെഡിക്കൽ സെൻററുമായി സഹകരിച്ച് ദുബൈ പൊലീസ് നടത്തുന്ന മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് സാമ്പത്തികശേഷിയില്ലാത്ത കുഞ്ഞിെൻറ എല്ലാ ചികിത്സകളും നടത്തുക. ചികിത്സയുടെ ഭാഗമായി കുഞ്ഞിനെ അപ്ലൈഡ് ബിഹേവിയറൽ അനാലിസിസ് (എ.ബി.എ), ഒക്കുപേഷനൽ തെറപ്പി പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തും.
സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സന്തോഷം പ്രചരിപ്പിക്കാനാണ് ഇസത്ത് പോലുള്ള സംരംഭം ആരംഭിച്ചത്. അതുപോലെ ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ആവശ്യമായ ഇടപെടൽ നടത്തുകയെന്നതും ഇസത്ത് പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് ഇസത്ത് കാർഡ് കമ്മിറ്റി മേധാവി മോനാ അൽ ഹംറി പറഞ്ഞു.
നാലു വയസ്സുകാരന് അടിയന്തര ചികിത്സ ആവശ്യമാണ്. എന്നാൽ, കുടുംബത്തിലെ പ്രത്യേക സാഹചര്യം കാരണം യഥാസമയം ചികിത്സ നടത്താൻ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് ദുബൈ പൊലീസ് ചികിത്സച്ചെലവ് ഏറ്റെടുത്തത്. കുഞ്ഞിെൻറ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുകയും സഹായം ഉറപ്പാക്കുകയും ചെയ്യും -മോനാ അൽ ഹംറി കൂട്ടിച്ചേർത്തു. ദുബൈ പൊലീസിെൻറ കരുണ നിറഞ്ഞ തീരുമാനത്തിൽ പിതാവ് യൂസഫ് ഇബ്രാഹിം ഇസത്ത് കാർഡ് കമ്മിറ്റിക്ക് നന്ദി അറിയിച്ചു. ഹോപ് എ.എം.സിക്കും നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

