പൊതുജന അവബോധ കാമ്പയിന് തുടക്കമിട്ട് ദുബൈ പൊലീസ്
text_fieldsദുബൈ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ നിക്ഷേപ പദ്ധതികളില്‍ വഞ്ചിതരാകരുതെന്ന് ദുബൈ പൊലീസ്. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിൽ ‘വഞ്ചന സൂക്ഷിക്കുക’ എന്ന പേരില്‍ ബോധവത്കരണ ക്യാമ്പയിനും ദുബൈ പൊലീസ് ആരംഭിച്ചിരിക്കുകയാണ്.
വ്യാജ നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ സാമൂഹികമാധ്യമങ്ങളും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ആകര്‍ഷകമായ പരസ്യങ്ങളുടെ രൂപത്തിലും വേഗത്തിൽ വരുമാനം വാഗ്ദാനം ചെയ്യുന്ന രീതിയിലുമായിരിക്കും മിക്ക പരസ്യങ്ങളും പ്രത്യക്ഷപ്പെടുക. ഇരകളെ ആകർഷിക്കാൻ കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന ലാഭവും ഇവർ വാഗ്ദാനം ചെയ്യാറുണ്ട്. ചില ലിങ്കുകള്‍ വഴി അടിയന്തിരമായി പണം കൈമാറാനോ വ്യക്തിഗത, ബാങ്കിങ് വിശദാംശങ്ങള്‍ പങ്കിടാനോ ഇരകളെ സമ്മർദത്തിലാക്കുന്ന രീതിയിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
പലരും സ്വന്തം സമ്പാദ്യം നഷ്ടപ്പെട്ട ശേഷമായിരിക്കും തട്ടിപ്പിന് ഇരയായ വിവരം മനസ്സിലാക്കുന്നത്. നിയമാനുസൃതം പ്രവർത്തിക്കുന്ന നിക്ഷേപ പ്ലാറ്റ്ഫോമുകള്‍ അനൗദ്യോഗികായ മാര്‍ഗങ്ങളിലൂടെ പണം ആവശ്യപ്പെടാറില്ല. പണമിടപാടുകൾ നടത്തുന്നതിന് മുമ്പ് നിക്ഷേപ കമ്പനിയുടെ വിശ്വാസ്യതയും ലൈസന്‍സും ബന്ധപ്പെട്ട യു.എ.ഇ അധികാരികളുമായി പരിശോധിക്കണമെന്നും അധികൃതര്‍ താമസക്കാരോട് അഭ്യര്‍ഥിച്ചു. അജ്ഞാത പരസ്യങ്ങളുടെ പിന്നാലെ പോകരുത്. മാത്രമല്ല തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ വ്യക്തിഗതവിവരങ്ങള്‍ പങ്കുവെക്കുകയുമരുത്. സംശയാസ്പദമായ ലിങ്കുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ ഔദ്യോഗിക ചാനലുകള്‍ വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ വിളിച്ചും അറിയിക്കാം. ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലും വ്യക്തികളെ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് സംരക്ഷിക്കുന്നതിലും പൊതുജന അവബോധവും സഹകരണവും നിര്‍ണായകമാണെന്നും ദുബൈ പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

