സഫാരി ടൂർ ഡ്രൈവർമാർക്ക് ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ദുബൈ പൊലീസ്
text_fieldsദുബൈ: സഫാരി ടൂർ ഡ്രൈവർമാർക്ക് ട്രാഫിക് സുരക്ഷ മാർഗനിർദേശങ്ങൾ സംബന്ധിച്ച് ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ദുബൈ പൊലീസ്. ശൈത്യകാലം ആരംഭിച്ചതോടെ ദുബൈയിൽ സഫാരി ടൂറുകളും വർധിച്ച സാഹചര്യത്തിലാണ് ദുബൈ ഇക്കണോമി ആൻഡ് ടൂസിസം ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ടൂറിസ്റ്റ് പൊലീസ്, ലഹ്ബാബ് പൊലീസ് സ്റ്റേഷൻ എന്നിവർ ചേർന്ന് സുരക്ഷ ബോധവത്കരണ കാമ്പയിൻ ഒരുക്കുന്നത്.
എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര മേഖലകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ എന്ന് ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജല്ലാഫ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി അന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങൾക്കാകെ സന്തോഷം നൽകുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികളുടെ പ്രവർത്തനങ്ങൾ, ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ, ഡ്രൈവർമാർ എന്നിവരെ നിരീക്ഷിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. റോഡുകളുടെയും വിനോദസഞ്ചാരികളുടെയും ക്യാമ്പുകൾ നടക്കുന്ന മരുഭൂ മേഖലകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായകമാണ്. കൂടാതെ റോഡപകടങ്ങൾ, ടൂറിസ്റ്റ് രംഗത്ത് നടക്കുന്ന നിയമലംഘനങ്ങൾ എന്നിവ കുറക്കുന്നതിനും ബോധവത്കരണ കാമ്പയിൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

