കുട്ടികളുടെ ഓൺലൈൻ ഗെയിമിങ്; ജാഗ്രതാ നിർദേശവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: വേനലവധിക്കാലത്ത് കുട്ടികൾ ഇലക്ട്രോണിക് ഗെയിമുകൾ ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്. ദുബൈ പൊലീസ് ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിന് കീഴിലുള്ള ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപാർട്മെന്‍റാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ‘ഔർ ചിൽഡ്രൻസ് സേഫ്റ്റി ദിസ് സമ്മർ’ എന്ന സുരക്ഷാ ബോധവൽക്കരണ പ്രചാരണത്തിന്‍റെ ഭാഗമായാണ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.
കേവലം വിനോദത്തിനപ്പുറം ചില ഗെയിമിങ് ലിങ്കുകളിൽ വലിയ അപകടങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായുള്ള സംഭാഷണങ്ങളിലേക്ക് നയിക്കും. അതിനാൽ ഗെയിം കളിക്കുമ്പോൾ കുട്ടികൾ സന്ദർശിക്കുന്ന ലിങ്കുകളും ബ്രൗസ് ചെയ്യുന്ന ഉള്ളടക്കങ്ങളും കൃത്യമായി നിരീക്ഷിക്കേണ്ടത് കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ്. അപകടകരമായ ആശയവിനിമയങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും പൊലീസ് ഓർമിപ്പിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അനുയോജ്യമായ പ്രൈവസി സെറ്റിങ്സുകളും പാരന്‍റൽ കൺട്രോളുകളും ഉപകരണങ്ങളിൽ സജ്ജമാക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ, അവരുടെ സുഹൃദ്‌വലയം, ഇൻ-ഗെയിം ചാറ്റുകൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സംശയാസ്പദ സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചാൽ ഉടൻ അത് മാതാപിതാക്കളെ അറിയിക്കാൻ കുട്ടികൾക്ക് നിർദേശം നൽകണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്‍റെ 'ഇ-ക്രൈം' പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. കൂടാതെ 901 എന്ന നമ്പറിലോ, ദുബൈ പൊലീസിന്‍റെ ഔദ്യോഗിക ആപ്പും വെബ്‌സൈറ്റും വഴിയോ വിവരങ്ങൾ കൈമാറാവുന്നതാണ്. കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ ഒരു വേനലവധിക്കാലം ആശംസിച്ചുകൊണ്ടാണ് പൊലീസ് ബോധവൽക്കരണ സന്ദേശം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

