Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അത് ആപ്പല്ല, പൊല്ലാപ്പ്...’; അംഗീകൃതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്

text_fields
bookmark_border
സംശയസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പൂർണമായും ഒഴിവാക്കണം
‘അത് ആപ്പല്ല, പൊല്ലാപ്പ്...’; അംഗീകൃതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
cancel

ദുബൈ: വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരത്തിലുള്ള വ്യാജ ആപ്പുകളിൽ സ്മാർട്ട്‌ഫോണുകൾ ഹാക്ക് ചെയ്യാനും വ്യക്തിഗത-ബാങ്കിങ് വിവരങ്ങൾ ചോർത്താനുമുള്ള മാൽവെയറുകൾ അടങ്ങിയിട്ടുണ്ടാകാം. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാരുടെ പദ്ധതിയാകാം ഇത്തരം വ്യാജ ആപ്പുകളെന്നും പൊലീസ് വ്യക്തമാക്കി. ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം ഒരു ബോധവൽകരണ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബാങ്കിങ്, നിക്ഷേപം, ഡെലിവറി, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ വ്യാജ ആപ്പുകൾ നിർമിച്ച് തട്ടിപ്പുകാർ കെണിയൊരുക്കുന്നു എന്ന് വീഡിയോയിലൂടെ പോലീസ് വിശദീകരിക്കുന്നു. ഇത്തരം പ്രലോഭനങ്ങളിൽ വീണ് ഇരകൾ വ്യാജ ആപ്പുകളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും അവ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെടുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

ഒരിക്കൽ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ, അവരുടെ അറിവോ സമ്മതമോ കൂടാതെ തന്നെ ഫോണിലേക്ക് അതിക്രമിച്ചു കയറാനും വിവരങ്ങളും പണവും കവരാനും തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ സാധിക്കും. സുരക്ഷിതമായിരിക്കാൻ ആപ്പുകൾ എപ്പോഴും ഔദ്യോഗികവും അംഗീകൃതവുമായ ആപ്പ് സ്റ്റോറുകളിൽനിന്ന് മാത്രം ഡൗൺലോഡ് ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു. പാസ്‌വേഡുകളോ ഒ.ടി.പി പോലുള്ള ആക്‌സസ് കോഡുകളോ ആരുമായും പങ്കുവെക്കരുത്. വിശ്വാസയോഗ്യമായ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കുക. അക്കൗണ്ടുകളുടെ സുരക്ഷിതത്വത്തിനായി ബാങ്കിങ് അലേർട്ടുകൾ എപ്പോഴും ആക്റ്റിവേറ്റ് ചെയ്തു വെക്കണം. സംശയസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പൂർണമായും ഒഴിവാക്കണമെന്നും ദുബൈ പൊലീസ് ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്കിടയിലുള്ള ഡിജിറ്റൽ ബോധവൽക്കരണമാണ് ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള മികച്ച പ്രതിരോധമെന്ന് വകുപ്പ് ഓർമിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബൈ പൊലീസ് സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനായുള്ള ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ റിപ്പോർട്ട് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It's not an app, it's a headache...: Dubai Police issues a warning against downloading unauthorized apps
Next Story