സൈബർ കുറ്റകൃത്യ ബോധവൽകരണത്തിന് ഇ-സ്പോർട്സ് ടൂർണമെന്‍റുമായി ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് ഇ-സ്പോർട്സ് ടൂർണമെന്‍റ് സംബന്ധിച്ച് അധികൃതർ പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: അഞ്ചാമത് ദുബൈ പൊലീസ് ഇ--സ്പോർട്സ് ടൂർണമെന്‍റ് വ്യാഴാഴ്ച ആരംഭിക്കും. ആഗസ്റ്റ് 17വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്‍റിൽ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം വ്യത്യസ്ത രാജ്യക്കാരായ 1500ലേറെ പേർ പങ്കെടുക്കും. ആകെ രണ്ട് ലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങൾ നൽകുന്ന മത്സരം അൽ ജദ്ദാഫിലെ ദുബൈ പൊലീസ് ഒഫീസേഴ്സ് ക്ലബിലാണ് അരങ്ങേറുക. ക്ലബിലെ സൈക്ലിങ് ഹബിൽ നടന്ന പത്ര സമ്മേളനത്തിലാണ് ടൂർണമെന്റിന്റെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്.
ലോകത്താകമാനം യുവാക്കൾക്കിടയിൽ ഗെയിമിങിന് വലിയ ജനകീയത കൈവന്ന പശ്ചാത്തലത്തിൽ, സന്തുലിതമായ ഗെയിമിങ് രീതികൾ പങ്കാളികൾക്ക് പകർന്നു നൽകുകയാണ് ടൂർണമെന്‍റിന്‍റെ ലക്ഷ്യമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്മെന്ററിലെ സൈബർ ക്രൈം വകുപ്പ് ഡയറക്ടർ മേജർ അബ്ദുല്ല അൽ ശെഹി പറഞ്ഞു. ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യം, ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട് നിൽക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചും ടൂർണമെന്‍റ് വഴി വിദ്യഭ്യാസം നൽകും.
10നും 35നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്ക് ടൂർണമെന്‍റിന് രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ സ്പോർട്സ് കൗൺസിൽ ഈവന്റ്സ് ആസൂത്രണ-നടത്തിപ്പ് മേധാവി റാശിദ് മുഹമ്മദ് അബ്ദുല്ല, ദുബൈ സാമ്പത്തിക, വിനോദസഞ്ചാര വകുപ്പിലെ ഇസ്പോർട് ആൻഡ് സ്ട്രാറ്റജി ഡയറക്ടർ മോന അൽ ഫലാസി തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

