രണ്ട് കൊടും കുറ്റവാളികളെ യു.എ.ഇ ഫ്രാൻസിന് കൈമാറി
text_fieldsദുബൈ: മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളികളായ രണ്ട് ഫ്രഞ്ച് പൗരൻമാരെ യു.എ.ഇ ഫ്രാൻസിന് കൈമാറി. രണ്ട് പേർക്കെതിരെയും ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍റർപോൾ കൂടാതെ യൂറോപോളിന്‍റെയും യൂറോപ്യൻ യൂനിയന്‍റെ ലോ എൻഫോഴ്സ്മെന്റ് ഏജൻസിയുടെയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ദുബൈ പൊലീസിന്‍റെ പിടിയാലാവുന്നത്.
ആഭ്യന്തര മന്ത്രാലയം, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ എന്നിവരുടെ പങ്കാളിത്തത്തിൽ നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് കുറ്റവാളികളെ ഫ്രാൻസിന് കൈമാറിയതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഫ്രഞ്ച് സർക്കാറിന് ഈ വർഷം കൈമാറിയ കുറ്റവാളികളുടെ എണ്ണം 10 ആയി. അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് യു.എ.ഇയിലെ നീതിന്യായ മന്ത്രാലയത്തിന്‍റെ അന്താരാഷ്ട്ര സഹകരണ വകുപ്പിന് ലഭിച്ച അറസ്റ്റ് വാറണ്ടുകളെ തുടർന്നാണ് പ്രതികളെ ദുബൈ പൊലീസ് പിടികൂടുന്നത്.
രാജ്യാന്തര തലത്തിൽ ഇത്തരം അഭ്യർഥനകൾ പരിഗണിക്കുന്നതിനുള്ള യു.എ.ഇയിലെ കേന്ദ്ര അതോറിറ്റിയാണ് ഈ വകുപ്പ്. കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകൽ, ആയുധ കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഫ്രാൻസിന് കൈമാറിയ പ്രതികൾ. ലോകരാജ്യങ്ങളിലെ വിവിധ അന്വേഷണ ഏജൻസികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് കുറ്റവാളി കൈമാറ്റമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

