പണവും സ്വർണവും അടങ്ങിയ ബാഗ് യാത്രക്കാരിക്ക് കണ്ടെത്തി നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: പണവും സ്വർണവും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകി ദുബൈ പൊലീസ്. ദുബൈ എയർപോർട്ട് ടെർമിനൽ 1ൽ വെച്ച് ബാഗ് നഷ്ടപ്പെട്ട അറബ് യാത്രക്കാരിയെ കണ്ടെത്തിയാണ് പൊലീസിലെ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളോടെ ബാഗ് സുരക്ഷിതമായി ഏൽപിച്ചത്.
വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്തുനിന്നാണ് ജീവനക്കാരന് ഒരു കറുത്ത ബാഗ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ 20,000 യു.എസ് ഡോളർ, 150 ഗ്രാം സ്വർണം, മറ്റ് വിദേശ കറൻസികൾ, വിവിധ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ചില വ്യക്തിഗത രേഖകൾ എന്നിവ കണ്ടെത്തി. ബാഗിലുണ്ടായിരുന്ന രേഖകളിൽ നിന്ന് ഉടമയുടെ വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും, അവരെ കണ്ടെത്തുക വെല്ലുവിളിയായിരുന്നുവെന്ന് ടെർമിനൽ 1 സെക്യൂരിറ്റി ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരി പറഞ്ഞു.
ഇത്തരമൊരു ബാഗ് നഷ്ടപ്പെട്ടതായി ആരും എയർപോർട്ടിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. അതിനാൽ, യാത്രക്കാരിയുടെ യാത്രാവഴികളും നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
‘ഉടൻ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ബാഗിന്റെ ഉടമയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പരിശോധനയിൽ അവർ സൗദി അറേബ്യയിലേക്ക് പോകാനായി വിമാനത്തിൽ കയറാൻ തയാറെടുക്കുകയാണെന്ന് മനസ്സിലായി. ബാഗ് നഷ്ടപ്പെട്ട പരിഭ്രാന്തിയിലും ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമായിരുന്നു അവർ. പരാതി നൽകാൻ നിന്നാൽ ഫ്ലൈറ്റ് മിസ്സാകുമോ എന്ന ആശങ്കയിലുമായിരുന്നു’ - കേണൽ അൽ ദോസരി പറഞ്ഞു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുകയും ബാഗ് അവരുടേത് തന്നെയാണെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം ദുബൈ പൊലീസ് ബാഗ് യാത്രക്കാരിക്ക് കൈമാറി.
നഷ്ടപ്പെട്ട സാധനങ്ങൾ കൃത്യമായി തിരികെ നൽകിയതിനും യാത്രക്കാരുടെ സന്തോഷത്തിന് മുൻഗണന നൽകുന്നതിനുമുള്ള ദുബൈ പൊലീസിന്‍റെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ചാണ് അവർ സന്തോഷത്തോടെ യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

