ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി നൽകി ദുബൈ പൊലീസ്
text_fieldsനഷ്ടപ്പെട്ട വാച്ച് പൊലീസ് അധികൃതർ യാത്രക്കാരിക്ക് സമ്മാനിക്കാൻ എത്തിയപ്പോൾ
ദുബൈ: ഒരുവർഷം മുമ്പ് നഷ്ടമായ വിലപിടിപ്പുള്ള വാച്ചിന്റെ ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തിയിരിക്കുകയാണ് ദുബൈ പൊലീസ്. 1.10 ലക്ഷം ദിർഹം (ഏകദേശം 24.40 ലക്ഷം രൂപ) വിലവരുന്ന വാച്ചാണ് ഉടമയെ തിരിച്ചേൽപിച്ചത്. കാണാതെപോയ വസ്തുക്കൾ കണ്ടെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ദുബൈ പൊലീസിന്റെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ വിഭാഗമാണ് വാച്ചിന്റെ ഉടമയെ തേടിപ്പിടിച്ചത്.
ഒരുവർഷം മുമ്പ് ദുബൈ സന്ദർശിച്ചപ്പോഴാണ് കിർഗിസ്താൻ സ്വദേശിനിയുടെ വിലപിടിപ്പുള്ള വാച്ച് നഷ്ടമായത്. വിമാനം പിടിക്കാനുള്ള ഓട്ടത്തിനിടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ മറന്നുവെക്കുകയായിരുന്നു. ദുബൈ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഇവരുടെ വാഹനം ചെറിയ അപകടത്തിൽപെടുകയും ചെയ്തു. നാട്ടിലെത്തിയപ്പോഴാണ് വാച്ച് നഷ്ടമായ വിവരം അറിയുന്നത്. അപകടത്തിനിടയിൽ നഷ്ടമായതാവാം എന്ന് കരുതി പൊലീസിൽ പരാതി നൽകിയില്ല. അതേസമയം, ഹോട്ടൽ അധികൃതർ വാച്ച് ലഭിച്ച വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉടമയുടെ കൃത്യമായ വിലാസം ലഭ്യമായിരുന്നില്ല. ഹോട്ടലിൽ നൽകിയിരുന്നത് ട്രാവൽ ഏജൻസിയുടെ നമ്പറായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അവരുടെ ഫോൺ നമ്പർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.
സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ, ഒരു വർഷത്തിനുശേഷം കഴിഞ്ഞദിവസം ഇവർ വീണ്ടും ദുബൈയിലെത്തി. ഈ വിവരം അറിഞ്ഞ പൊലീസിന്റെ സി.ഐ.ഡി വിഭാഗം ഇവരെ കണ്ടെത്തി സർപ്രൈസായി വാച്ച് സമ്മാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

