22 മേഖലകളിൽ രക്ഷാ സേനയെ നിയോഗിച്ച് ദുബൈ പൊലീസ്
text_fieldsകടൽ തീരങ്ങളിൽ നിയോഗിച്ച ദുബൈ പൊലീസിന്റെ
ജീവൻരക്ഷാ വാഹനങ്ങൾ
ദുബൈ: ശക്തമായ മഴയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമിറേറ്റിലെ വിവിധ ഭാഗങ്ങളിലും കടലിലുമായി 22 പ്രധാന സ്ഥലങ്ങളിൽ രക്ഷാ സേനയെ നിയോഗിച്ച് ദുബൈ പൊലീസ്. ദുബൈയിലെ പ്രധാന വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നായ ഹത്ത ഉൾപ്പെടെ കരയിൽ 13 ഇടങ്ങളിലും തീരദേശങ്ങളോട് ചേർന്നുള്ള ഒമ്പത് സമുദ്ര മേഖലകളിലുമാണ് രക്ഷാ സേനയെ നിയോഗിച്ചിരിക്കുന്നതെന്ന് സെർച്ച് ആൻഡ് റസ്ക്യൂ ഡിപാർട്ട് ഡയറക്ടർ കേണൽ ഖാലിദ് അൽ ഹമ്മാദി അറിയിച്ചു.
കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന ഏത് അടിയന്തര സാഹചര്യങ്ങളോടും ദ്രുതഗതിയിൽ സുരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് നീക്കം. 4x4 വാഹനങ്ങൾ, രക്ഷാ ട്രക്കുകൾ, ഹൈഡ്രോളിക് ലിഫ്റ്റിങ് ഉപകരണങ്ങൾ, കട്ടറുകൾ, വാളുകൾ, രക്ഷാ പ്രവർത്തനത്തിനുള്ള മറ്റ് നൂതന സാങ്കേതിക വിദ്യകൾ എന്നിവ ഉൾപ്പെടെ നൂതനമായ സജ്ജീകരണങ്ങളും ടീമിന് അനുവദിച്ചിട്ടുണ്ട്.
എമിറേറ്റ്സ് ഓക്ടഷനുമായി സഹകരിച്ച് ആകെ 120 ക്രെയിനുകളും സജ്ജമാണ്. തീരദേശ മേഖലകൾ, താഴ്വരകൾ തുടങ്ങിയ സ്ഥലങ്ങളിൽ സമുദ്ര രക്ഷ സേനയും തയാറാണ്. സമുദ്രമേഖലയിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റസ്ക്യൂ ബോട്ടുകൾ, ജെറ്റ് സ്കീകൾ എന്നിവയും പരിശീലനം നേടിയ ജീവൻരക്ഷാ ഗാർഡുകളും പ്രഫഷനൽ ഡ്രൈവർമാരും സമുദ്ര രക്ഷാ സേനക്ക് പിന്തുണയേകും.
ദുബൈ പൊലീസും മറ്റ് അതോറിറ്റികളും പുറത്തിറക്കുന്ന സുരക്ഷ നിർദേശങ്ങളും അറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്നും കേണൽ അൽ ഹമ്മാദി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

