വിദ്യാർഥികളുടെ നൂതനാശങ്ങൾക്ക് വേദിയൊരുക്കി ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് ഒരുക്കിയ ‘സ്റ്റുഡന്റ് ഇന്നവേഷൻ ഫോറ’ത്തിൽ വിദ്യാർഥികൾ ഒരുക്കിയ പ്രദർശനങ്ങൾ ഉദ്യോഗസ്ഥർ വീക്ഷിക്കുന്നു
ദുബൈ: വിദ്യാർഥികൾക്കിടയിൽ പുതിയ കാഴ്ചപ്പാടുകളും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്ന ‘സ്റ്റുഡന്റ് ഇന്നവേഷൻ ഫോറം’ സംഘടിപ്പിച്ച് ദുബൈ പൊലീസ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും പുരോഗതിക്ക് സഹായകമാകുന്ന നൂതനാശങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിന് അനുസരിച്ചാണ് 35 പദ്ധതികൾ അവതരിപ്പിച്ച പരിപാടി ഒരുക്കിയത്. ചടങ്ങിൽ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 130 വിദ്യാർഥികൾ വിവിധ നൂതന സംരംഭങ്ങൾ പരിചയപ്പെടുത്തി.
യു.എ.ഇ ഇന്നവേഷൻ മാസാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് ഇന്നവേഷൻ കൗൺസിലും സ്റ്റുഡൻറ്സ് കൗൺസിലും ഹിമായ ഇൻറർനാഷനൽ സെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ അവതരിപ്പിച്ച പദ്ധതികൾ പ്രമുഖരായ വിധികർത്താക്കളാണ് വിലയിരുത്തിയത്. രാജ്യത്തിന്റെ ഭാവിയിലേക്ക് തങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ വിദ്യാർഥികൾക്ക് പരിപാടിയിലൂടെ സാധിച്ചതായി അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു.
നിർമിതബുദ്ധി, പുനരുപയോഗപ്രദമായ ഊർജം, റോബോട്ടിക്സ്, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും പദ്ധതികൾ അവതരിപ്പിക്കപ്പെട്ടത്. വിദ്യാർഥികൾക്കിടയിൽ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഫോറം ഒരുക്കിയതെന്ന് ദുബൈ പൊലീസ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ കേണൽ മൻസൂർ അൽ ഗർഗാവി പറഞ്ഞു. യു.എ.ഇ പുതിയ കാഴ്ചപ്പാടുകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. സർക്കാർ രാജ്യത്താകമാനം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

