ഡെലിവറി റൈഡർമാർക്ക് സുരക്ഷ പരിശീലനവുമായി ദുബൈ പൊലീസ്
text_fieldsഡെലിവറി റൈഡർമാർക്ക് സുരക്ഷ പരിശീലനം നൽകുന്നു
ദുബൈ: ഡെലിവറി റൈഡർമാർക്ക് സുരക്ഷ ബോധവത്കരണം ലക്ഷ്യമിട്ട് ദുബൈ പൊലീസ് ജനറൽ ട്രാഫിക് വിഭാഗം പരിശീലന വർക്ഷോപ് സംഘടിപ്പിച്ചു. തലബാത്തിലെ 30 റൈഡർമാർ പങ്കെടുത്തു. ബൈക്ക് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) സംയുക്തമായാണ് ശിൽപശാല ഒരുക്കിയത്.
ട്രാഫിക് നിയമങ്ങൾ അനുസരിക്കാൻ ഡെലിവറി റൈഡർമാർ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായ റോഡ് അന്തരീക്ഷം ഉറപ്പാക്കണമെന്നും ശിൽപശാലയിൽ ദുബൈ പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. സൈഫ് മുഹൈർ അൽ മസ്റൂയി ആവശ്യപ്പെട്ടു. തെറ്റായ വാഹനം തിരിക്കൽ, റോഡിന്‍റെ വളവുകളിൽനിന്ന് ഓവർടേക്ക് ചെയ്യൽ, തെറ്റായ പാർക്കിങ്, നടപ്പാതകളിൽ മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യൽ, ട്രാഫിക് അടയാളങ്ങൾ പാലിക്കാത്തത്, മുന്നിലുള്ള വാഹനത്തിന് പിന്നിൽ മതിയായ ദൂരം വിടാത്തത് എന്നിങ്ങനെ റൈഡർമാർ സ്ഥിരമായി വരുത്തുന്ന പിഴവുകൾ സംബന്ധിച്ചാണ് ശിൽപശാലയിൽ പ്രധാനമായും ബോധവത്കരണം നൽകിയത്. ഡെലിവറി വാഹനങ്ങളുടെ റൈഡർമാർക്ക് 20 മണിക്കൂർ പരിശീലനം പൂർത്തിയാക്കേണ്ടതടക്കം കർശനമായ ലൈസൻസിങ് പ്രക്രിയ അധികാരികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

