ദുബൈ പൊലീസ് കാർണിവൽ സമാപിച്ചു
text_fieldsദുബൈ പൊലീസ് കാർണിവൽ സമാപന ദിനത്തിൽ പൊലീസ് അക്കാദമി കാഡറ്റുകൾ അവതരിപ്പിച്ച പരേഡ്
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സിറ്റി വാക്കിൽ മൂന്ന് ദിവസങ്ങളായി സംഘടിപ്പിച്ച കുടുംബസൗഹൃദ പരിപാടികളോടെയുള്ള ദുബൈ പൊലീസ് കാർണിവൽ വിജയകരമായി സമാപിച്ചു. ശക്തമായ ജനപങ്കാളിത്തമാണ് ഇത്തവണ കാർണിവലിലുണ്ടായത്. അവസാന ദിവസത്തെ പരിപാടിയിൽ ദുബൈ പൊലീസ് സാമ്പത്തിക-ഭരണകാര്യ സെക്ടർ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ഡോ. മേജർ ജനറൽ അഹമ്മദ് സആൽ ബിൻ കൃഷൻ അൽ മുഹൈരി, ക്രിമിനൽ സെക്ടർ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നിരവധി കുടുംബങ്ങളും സന്ദർശകരും ചടങ്ങുകൾ കാണാനെത്തി.പൊലീസ് ബാൻഡ് പ്രകടനങ്ങൾ, കെ9 ഡോഗ് ഷോകൾ, മോട്ടോർസൈക്കിൾ-സൈക്കിൾ പ്രദർശനങ്ങൾ, ആധുനിക പൊലീസ് സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന ഇന്ററാക്ടീവ് അനുഭവങ്ങൾ എന്നിവ കാർണിവലിൽ അവതരിപ്പിച്ചു.
വിനോദപരിപാടികളോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന 33ാമത് പുരുഷ കാഡറ്റുകളുടെയും 6-ാമത് വനിതാ കാഡറ്റുകളുടെയും ബാച്ചുകളുടെ ബിരുദദാനത്തോടനുബന്ധിച്ച് പൊലീസ് അക്കാദമി കാഡറ്റുകൾ അവതരിപ്പിച്ച പരേഡ് പരിപാടിയുടെ പ്രധാന ആകർഷണമായി. പൊതുജനങ്ങളുമായി തുറന്ന സംവാദത്തിന് വേദിയൊരുക്കാനും സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും കാർണിവൽ സഹായിച്ചുവെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, വർക്ക്ഷോപ്പുകൾ, ഡിജിറ്റൽ ഗെയിമുകൾ എന്നിവയും കാർണിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

