ദുബൈ പൊലീസ് കാർണിവലിന് ഇന്ന് തുടക്കം
text_fieldsദുബൈ: കുടുംബങ്ങൾക്കും കുട്ടികൾക്കും അടക്കം പൊലീസ് സേവനങ്ങളും സംവിധാനങ്ങളും അടുത്തറിയാൻ സഹായിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ദുബൈ പൊലീസ് കാർണിവലിന് വെള്ളിയാഴ്ച തുടക്കമാകും. ദുബൈ സിറ്റി വാക്കിലാണ് പരിപാടിയുടെ വേദി. മൂന്ന് ദിവസം വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ നീളുന്ന കാർണിവലിൽ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള തത്സമയ വിനോദ പരിപാടികളും സംവേദനാത്മക ആകർഷണങ്ങളുമുണ്ടാകും. പൊതുജനങ്ങൾക്ക് പൊലീസ് സേവനങ്ങളെ സൗഹൃദപരവും ആകർഷകവുമായ രീതിയിൽ അടുത്തറിയാൻ സഹായിക്കുന്നതാണിത്.
തുറന്ന ആശയവിനിമയത്തിലൂടെയും സുരക്ഷ, വിശ്വാസം, സന്തോഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആസ്വാദ്യകരമായ സംരംഭങ്ങളിലൂടെയും സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയാണ് കാർണിവൽ പ്രതിഫലിപ്പിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ് ജനറൽ വകുപ്പ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ്, ഗാർഹിക സുരക്ഷാ സേവനങ്ങൾ, പൊലീസ് ഐ റിപ്പോർട്ടിങ് സേവനങ്ങൾ, ലോസ്റ്റ് ആൻഡ് ഫൗണ്ട് അന്വേഷണങ്ങൾ, റോഡ് സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അമൻ റോഡ്സ് പ്ലാറ്റ്ഫോം എന്നിവയുൾപ്പെടെ വിവിധ പൊലീസ്, കമ്മ്യൂണിറ്റി സേവനങ്ങൾ സന്ദർശകർക്ക് പരിചയപ്പെടാൻ കഴിയും.
ദുബൈ പൊലീസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്യും. ദുബൈ പൊലീസിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുകയും സുരക്ഷയിലും സാങ്കേതിക പുരോഗതിയിലുമുള്ള പ്രധാന നാഴികക്കല്ലുകൾ പ്രദർശിപ്പിക്കുന്നതുമാണ് മ്യൂസിയം.
കാർണിവൽ പരിപാടിയിൽ മോട്ടോർ സൈക്കിൾ, സൈക്കിൾ പ്രകടനങ്ങൾ, ദുബൈ പൊലീസ് അക്കാദമി ബാൻഡിന്റെ തത്സമയ സംഗീതം, പൊലീസ് നായ്ക്കളുടെ പ്രദർശനങ്ങൾ, ആഡംബര ടൂറിസ്റ്റ് പട്രോൾ വാഹനങ്ങൾ എന്നിവയും ഉൾപ്പെടും. ക്ലാസിക് ലാൻഡ് റോവർ, റമദാൻ പീരങ്കി എന്നിവയുൾപ്പെടെയുള്ള പൈതൃക പ്രദർശനങ്ങളും പ്രദർശനത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

