ദുബൈ പൊലീസ് കാർണിവലിന് വർണാഭ തുടക്കം
text_fieldsദുബൈ പൊലീസ് കാർണിവലിന്റെ ഉദ്ഘാടനദിവസം അവതരിപ്പിച്ച പൊലീസ് അക്കാദമിയിലെ ബാൻഡിന്റെ പ്രകടനം
ദുബൈ: പൊലീസ് പ്രവർത്തനങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് നേരിട്ട് പരിചയപ്പെടാൻ സഹായിക്കുന്ന ദുബൈ പൊലീസ് കാർണിവലിന് വർണാഭമായ തുടക്കം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കാർണിവൽ വെള്ളിയാഴ്ച ദുബൈ സിറ്റി വാക്കിലാണ് ആരംഭിച്ചത്. ആദ്യദിനത്തിൽ വിവിധ പ്രദർശനങ്ങളും സംഗീത പരിപാടികളും കാണാനായി നിരവധിപേരെത്തി. ഞായറാഴ്ച വരെ വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് കാർണിവൽ അരങ്ങേുക. എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള തൽസമയ വിനോദ പരിപാടികളും സംവേദനാത്മക ആകർഷണങ്ങളുമാണ് പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്. ആദ്യദിനത്തിൽ ദുബൈ പൊലീസ് അക്കാദമിയിലെ ബാൻഡിന്റെ സംഗീത പ്രകടനം ഉൾപ്പെടെയുള്ള പരിപാടികൾ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പൊതുജനങ്ങൾക്ക് പൊലീസ് സേവനങ്ങളെ സൗഹൃദപരവും ആകർഷകവുമായ രീതിയിൽ അടുത്തറിയാൻ അവസരമാണ് കാർണിവൽ. ദുബൈ പൊലീസ് കമ്മ്യൂണിറ്റി ഹാപ്പിനെസ് ജനറൽ വകുപ്പ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരിയടക്കം പ്രമുഖർ വെള്ളിയാഴ്ച കാർണിവൽ സന്ദർശിച്ചു. ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ്, ഗാർഹിക സുരക്ഷാ സേവനങ്ങൾ, പൊലീസ് ഐ റിപ്പോർട്ടിങ് സേവനങ്ങൾ, ലോസ്റ്റ് ആൻഡ് ഫൗണ്ട് അന്വേഷണങ്ങൾ, റോഡ് സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അമൻ റോഡ്സ് പ്ലാറ്റ്ഫോം എന്നിവയുൾപ്പെടെ വിവിധ പൊലീസ്, കമ്മ്യൂണിറ്റി സേവനങ്ങൾ സന്ദർശകർക്ക് പരിചയപ്പെടാൻ അവസരമുണ്ട്. ദുബൈ പൊലീസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നിട്ടുമുണ്ട്. കാർണിവൽ പരിപാടിയിൽ മോട്ടോർ സൈക്കിൾ, സൈക്കിൾ പ്രകടനങ്ങൾ, പൊലീസ് നായ്ക്കളുടെ പ്രദർശനങ്ങൾ, ആഡംബര ടൂറിസ്റ്റ് പട്രോൾ വാഹനങ്ങൾ എന്നിവയും ഉൾപ്പെടും. ക്ലാസിക് ലാൻഡ് റോവർ, റമദാൻ പീരങ്കി എന്നിവയുൾപ്പെടെയുള്ള പൈതൃക പ്രദർശനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

