തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് തൊഴിലാളികൾക്ക് സഹായങ്ങൾ വിതരണം ചെയ്യുന്നു
ദുബൈ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ എമിറേറ്റിലെ തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും സൗജന്യമായി വിതരണം ചെയ്ത് ദുബൈ പൊലീസ്. അതോറിറ്റിയുടെ ‘പോസിറ്റിവ് സ്പിരിറ്റ്’ സംരംഭങ്ങളായ ‘ഗുഡ് അംബ്രല2, ‘ദുബൈ വാട്ടർ എയ്ഡ്’ എന്നിവയുടെ പ്രചാരണാർഥമാണ് അൽ ഖൂസ് ഏരിയയിലെ 300 തൊഴിലാളികൾക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചത്. വേനൽ സീസണിൽ ചൂടിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്ക് യു.എ.ഇയിലെ വിവിധ അതോറിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ ഇടക്കിടെ വിതരണം ചെയ്യാറുണ്ട്. അൽ ഫരീജ് സംരംഭം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ആഗസ്റ്റ് 23 വരെ നീണ്ട കാമ്പയിനിലൂടെ അൽ ഫരീജ് പ്രതിദിനം 35,000 ഐസ്ക്രീമുകളും ജ്യൂസുകളുമാണ് വിതരണം ചെയ്തത്.
എമിറേറ്റിലെ ഡെലിവറി റൈഡർമാർക്ക് വിശ്രമിക്കാനും പ്രാർഥിക്കാനും സൗകര്യമുള്ള ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങളും അധികൃതർ നിർമിച്ചിട്ടുണ്ട്. വേനലിൽ പുറം ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം യു.എ.ഇയിൽ ഉച്ച വിശ്രമനിയമവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണം.
കൂടാതെ ഇവർക്കാവശ്യമായ വെള്ളം, ഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യങ്ങൾ അതത് സ്ഥാപനങ്ങൾ അനുവദിക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു. നിയമം ലംഘിച്ചാൽ ഓരോ തൊഴിലാളികൾക്കും 5,000 ദിർഹം വീതം പിഴ ഈടാക്കും. കൂടുതൽ തൊഴിലാളികൾ നിയമം ലംഘിച്ച് പുറം ജോലി ചെയ്താൽ പിഴ 50,000 ദിർഹം വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

