ജയിലിൽകഴിയുന്ന അമ്മയുടെ ചാരെ കുഞ്ഞിനെ എത്തിച്ച് ദുബൈ പൊലീസ്
text_fieldsജയിലിൽ കഴിയുന്ന അമ്മക്ക് ദുബൈ പൊലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ കൈമാറുന്നു
ദുബൈ: ജയിലിൽ കഴിയുന്ന അമ്മയുടെ അഭ്യർഥന മാനിച്ച് കുഞ്ഞിനെ അവരെ ഏൽപിച്ച് ദുബൈ പൊലീസ്. കുട്ടികൾ ജയിലിൽ വളരരുത് എന്നതാണ് പൊലീസിന്റെ നയമെങ്കിലും അമ്മയുടെ അഭ്യർഥന മാനിച്ചാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ജയിലിൽ എത്തിച്ചത്. ഇരുവരെയും ദുബൈയിലെ വനിത ജയിലിലേക്ക് മാറ്റി.
വിദേശ വനിതയുമായുള്ള പ്രശ്നത്തെ തുടർന്നാണ് യുവതി ജയിലിലായത്. കുഞ്ഞിനെ തന്നോടൊപ്പം വിടണമെന്നും വിശ്വസിക്കാവുന്ന ആരും പുറത്തില്ലെന്നും കാണിച്ച് ഇവർ നാഇഫ് പൊലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സമീപിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചു. ജയിലിൽ അമ്മമാർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ബ്ലോക്കിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അമ്മമാർ ജയിലിലാകുന്നതോടെ പുറത്ത് ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ ഇവിടെ താമസിപ്പിക്കാറുണ്ട്. ഇതിനായി പത്ത് ആയമാരെ നിയമിച്ചിട്ടുണ്ട്. ദിവസവും നിശ്ചിത സമയം അമ്മമാർക്ക് കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാം. കുട്ടികൾക്ക് പറ്റിയ സ്ഥലമല്ല ജയിൽ എന്നും എന്നാൽ, ചില തടവുകാരുടെ കാര്യത്തിൽ ഇത് അനിവാര്യമാണെന്നും വനിത ജയിൽ ഡയറക്ടർ കേണൽ ജമീല അൽ സാബി പറഞ്ഞു. കുട്ടിക്ക് ഭക്ഷണം, സുരക്ഷ, ആരോഗ്യ സംരക്ഷണ വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

