മണിക്കൂറിൽ 290 കി.മീ വേഗത്തിൽ ബൈക്കോടിച്ചയാളെ പിടികൂടി ദുബൈ പൊലീസ്; ബൈക്ക് വിട്ടുകിട്ടാൻ 50,000 ദിർഹം പിഴ ഒടുക്കണം
text_fieldsദുബൈ: മണിക്കൂറിൽ 290 കിലോമീറ്ററിലധികം വേഗത്തിൽ അപകടകരമായി ബൈക്കോടിച്ച യുവാവിനെ പിടികൂടി ദുബൈ പൊലീസ്. വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുകയും സാഹസികമായി ഒരു ചക്രത്തിൽ മാത്രം ബൈക്കോടിക്കുകയും ചെയ്ത ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പ്രത്യേക ട്രാഫിക് പട്രോളിങ് സംഘമാണ് ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ അറിയിച്ചു. 2023-ലെ 30-ാം നമ്പർ ദുബൈ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുനൽകണമെങ്കിൽ 50,000 ദിർഹം പിഴയായി ഒടുക്കണം. ഇതിനുപുറമെ മറ്റ് നിയമപരമായ ശിക്ഷാനടപടികളും ഇയാൾ നേരിടേണ്ടി വരും.
മണിക്കൂറിൽ 290 കിലോമീറ്ററിലധികം വേഗതയിൽ ബൈക്കോടിക്കുമ്പോൾ ചെറിയൊരു പിഴവ് പോലും വൻ ദുരന്തത്തിന് കാരണമാകുമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. ഇത്രയും വേഗതയിൽ പോകുമ്പോൾ പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളോട് പ്രതികരിക്കാൻ ഡ്രൈവർക്ക് സമയം ലഭിക്കില്ല. നിയന്ത്രണം നഷ്ടപ്പെട്ടാൽ ബാരിയറുകളിലോ മറ്റ് വാഹനങ്ങളിലോ ഇടിച്ച് ഗുരുതര അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.
മറ്റുള്ള വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ ബൈക്ക് വെട്ടിച്ച് മാറ്റുന്നത് റോഡിലെ മറ്റ് യാത്രക്കാരുടെ ജീവനും ഭീഷണിയാണ്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ വശങ്ങളിലേക്ക് തിരിയാൻ നോക്കുമ്പോൾ പൊടുന്നനെ അതിവേഗത്തിൽ ബൈക്കുകൾ എത്തുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കും. ഒറ്റ ചക്രത്തിൽ വാഹനം ഓടിക്കുമ്പോൾ ബൈക്കിന്റെ സ്റ്റിയറിങ്, ബ്രേക്കിങ് നിയന്ത്രണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
പൊതുറോഡുകൾ സാഹസിക പ്രകടനങ്ങൾക്കോ വേഗ പരിശോധനകൾക്കോ ഉള്ള സ്ഥലമല്ലെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു. ആധുനിക നിരീക്ഷണ സംവിധാനങ്ങളും പട്രോളിങ്ങും ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങൾ തടയാൻ കർശന നടപടിയെടുക്കും. റോഡിലെ സുരക്ഷ എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണ്. ഗതാഗത നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

