വിദ്യാർഥികളേ, വീഡിയോ പിടിച്ച് സമ്മാനം നേടാം
text_fieldsദുബൈ: സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോകൾക്കും ചിത്രങ്ങൾക്കും സമ്മാനവുമായി ദുബൈ പൊലീസ്. ലക്ഷം ദിർഹം വരെ സമ്മാനം ലഭിക്കുന്ന പദ്ധതിയാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹെമായ ഇന്‍റർനാഷനൽ സെന്‍ററുമായി (ഹിപ) ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റർനാഷനൽ ഫോട്ടോഗ്രഫി അവാർഡിന്‍റെ രണ്ടാം എഡിഷനോടനുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്.
വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഹിമായ ക്ലിപ്പ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്. യു.എ.ഇയിലെ സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം. എല്ലാ രാജ്യക്കാർക്കുമ അവസരമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ഫോട്ടോഗ്രാഫിയിൽ പുതിയ പരിഷ്കാരം കൊണ്ടുവന്നിട്ടുണ്ട്.
മുൻ വർഷം ഒരു ചിത്രമാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇക്കുറി അഞ്ച് മുതൽ പത്ത് വരെ ചിത്രങ്ങളുടെ സീരീസ് പരിഗണിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശം നൽകുന്ന സീരീസായിരിക്കണം ഈ ചിത്രങ്ങൾ. കഴിഞ്ഞ എഡിഷനിൽ വീഡിയോയാണ് പരിഗണിച്ചിരുന്നത്.
ഇക്കുറി വീഡിയോയും ചിത്രങ്ങളും സ്വീകരിക്കും. 2023 മാർച്ച് ഒന്ന് മുതൽ 31 വരെയാണ് ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കുക. അതിനാൽ, ചിത്രങ്ങൾ ഇന്ന് തന്നെ എടുത്തു തുടങ്ങാം. www.hipa.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ കണ്ടന്‍റ്, മയക്കുമരുന്ന് പ്രതിരോധം എന്നിങ്ങനെ
മുന്ന് വിഭാഗങ്ങളിലായാണ് മത്സരം. മത്സരാർഥികൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് തടയാൻ ബോധവത്കരണം നൽകുക എന്ന ലക്ഷ്യമിട്ടാണ് സൈബർ സെക്യൂരിറ്റി ഉൾപെടുത്തിയത്. ജീവിത മൂല്യങ്ങളെ ബാധിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഡിജിറ്റൽ കണ്ടന്‍റ് എന്ന വിഭാഗം വഴി ലക്ഷ്യമിടുന്നത്. ലഹരി മരുന്ന് ഉപയോഗത്തിന്‍റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുടുംബങ്ങളെയും സമൂഹത്തെയും ബോധവതക്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാമത്തെ വിഭാഗം ഉൾപെടുത്തിയിരിക്കുന്നത്.
മാനദണ്ഡങ്ങൾ
●വീഡിയോ എടുക്കുന്നവർ 60 സെക്കൻഡിൽ കവിയാത്ത വീഡിയോയാണ് തയാറാക്കേണ്ടത്. അറബിക് സബ് ടൈറ്റിൽ നൽകണം. എം.പി 4 ഫോർമാറ്റിലായിരിക്കണം. 1080 എച്ച്.ഡിയിൽ കുറയാത്ത ക്വാളിറ്റിയുണ്ടാവണം. സുരക്ഷയുമായി ബന്ധപ്പെട്ടതാവണം.
●ഫോട്ടോ എടുക്കന്നവർ അഞ്ചിൽ കൂടുതൽ ചിത്രങ്ങൾ നൽകണം. പരമാവധി 10 ചിത്രം. സീരീസായി വേണം ചിത്രങ്ങൾ തയാറാക്കാൻ. ഓരോ ചിത്രങ്ങളും പരസ്പരം ബന്ധമുള്ളതായിരിക്കണം. നഗ്നത, അക്രമം പോലുള്ളവയും ധാർമികതക്ക് നിരക്കാത്തതുമായ ചിത്രങ്ങൾ പരിഗണിക്കില്ല. ലോഗോ, ഒപ്പ്, പേര്, സിംബലുകൾ, ദിവസം, സമയം പോലുള്ളവ എൻട്രികളിൽ ഉൾപെടുത്തരുത്. ചിത്രങ്ങളിൽ അടിസ്ഥാനപരമായ സാങ്കേതിക മാറ്റങ്ങൾ വരുത്താമെങ്കിലും ചിത്രത്തിനെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള മാറ്റം വരുത്തലുകൾ അനുവദിക്കില്ല.
●ഇതിന് പുറമെ മികച്ച മാധ്യമ പ്രവർത്തകർക്കും ഇൻഫ്ലുവൻസേഴ്സിനും 60,000 ദിർഹമിന്റെ പുരസ്കാരം നൽകുന്നുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകളിലെ മികച്ച കവറേജിനാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

