1.2 കോടി ദിർഹം വിലയുള്ള ഊദ് മോഷ്ടിച്ച സംഘത്തെ 12 മണിക്കൂറിനകം തൂക്കി ദുബൈ പൊലീസ്
text_fieldsഅറസ്റ്റിലായ പ്രതികൾ
ദുബൈ: ആഡംബര ഊദ് വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം വിലമതിക്കുന്ന ഊദ് മോഷ്ടിച്ച എട്ടംഗ സംഘത്തെ കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ പിടികൂടി ദുബൈ പൊലീസ്. ഒരു സ്ത്രീ ഉൾപ്പെടെയുള്ള സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഊദ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഒരു രാജകുമാരിക്ക് ലക്ഷ്വറി ഊദ് വാങ്ങാൻ താൽപര്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ വ്യാപാരിയെ പറ്റിച്ചത്. തട്ടിപ്പിനായി രാജകുമാരിയായി ചമഞ്ഞ സ്ത്രീ ഉൾപ്പെടെ രാജ്യം വിട്ട ബാക്കി നാല് പ്രതികൾക്കെതിരെ ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ലോക്കൽ മാർക്കറ്റിലെ ഒരു ലക്ഷ്വറി ഊദ് കടയിൽ സംഘത്തിലെ രണ്ട് അംഗങ്ങൾ സന്ദർശിച്ചതോടെയാണ് കുറ്റകൃത്യത്തിന്‍റെ തുടക്കം. ഒരു പ്രമുഖ രാജകുമാരി ദുബൈയിൽ വരുന്നുണ്ടെന്നും അവർക്ക് വളരെ വിലപിടിപ്പുള്ള ഊദ് വാങ്ങാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് ഇവർ വ്യാപാരിയെ വിശ്വസിപ്പിച്ചു.
തട്ടിപ്പുസംഘത്തിന്‍റെ വാക്കുകൾ വിശ്വസിച്ച വ്യാപാരി, ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഊദ് ശേഖരിക്കുകയും ‘രാജകുമാരി’യായി ചമഞ്ഞ വ്യക്തിയെ കാണാൻ സൗകര്യമൊരുക്കുകയും ചെയ്തു. തട്ടിപ്പ് പൂർണമായി വിശ്വസിപ്പിക്കുന്നതിനായി വൻ സജ്ജീകരണമാണ് സംഘം നടത്തിയത്. ‘രാജകുമാരി’ക്ക് പേഴ്സനൽ ഗാർഡുകളും ആധുനിക സ്വീകരണ സംവിധാനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ഒരു മോഡേൺ വില്ല തയാറാക്കിയിരുന്നതായി ദുബൈ പൊലീസ് വ്യക്തമാക്കി.
ദുബൈ പൊലീസ് സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ: “വ്യാപാരി വില്ലയിൽ എത്തിയപ്പോൾ ലക്ഷ്വറി ഊദ് സംഘാംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. രാജകുമാരിയുടെ പദവിക്ക് അനുയോജ്യമായ മറ്റ് ബാഗുകളിലേക്ക് ഈ ഊദ് മാറ്റാൻ അവർ ആവശ്യപ്പെട്ടു. വ്യാപാരി ഇത് സമ്മതിക്കുകയും അവർ നൽകിയ ബാഗുകളിലേക്ക് ഊദ് മാറ്റുകയും ചെയ്തു.
തുടർന്ന് രാജകുമാരി എന്ന് പറയപ്പെടുന്ന സ്ത്രീ അവിടെയെത്തുകയും വ്യാപാരിയെ കണ്ട് കച്ചവടം ഉറപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവർ പോയതിനുശേഷം, ഊദ് വീണ്ടും വ്യാപാരിയുടെ സ്വന്തം ബാഗുകളിലേക്ക് മാറ്റുന്നതിനായി കാത്തുനിൽക്കാൻ സംഘാംഗങ്ങൾ ആവശ്യപ്പെട്ടു. ഊദ് തിരികെ നൽകുന്നതിന് പകരം വ്യാപാരിയുടെ ബാഗുകളിൽ സാധാരണ മരക്കഷ്ണങ്ങൾ നിറയ്ക്കാനാണ് സംഘാംഗങ്ങൾ ഈ അവസരം വിനിയോഗിച്ചത്. അടുത്ത ദിവസം വ്യാപാരി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബാഗുകൾ തുറന്നു നോക്കിയപ്പോൾ ഊദിന് പകരം മരക്കഷ്ണങ്ങൾ കണ്ടത്.
വ്യാപാരി ഉടൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ പരാതി നൽകി. ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉടൻ ഒരു പ്രത്യേക സംഘം രൂപീകരിച്ച് വില്ല സന്ദർശിക്കുകയും അത്യാധുനിക സാങ്കേതികവിദ്യകളും അനലിറ്റിക്കൽ പ്രോഗ്രാമുകളും ക്യാമറകളും ഉപയോഗിച്ച് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 12 മണിക്കൂറിനുള്ളിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം, ഒരു അപ്പാർട്ട്മെന്റിലേക്ക് മാറ്റിയിരുന്ന വിലപിടിപ്പുള്ള ഊദ് വിൽക്കാൻ ശ്രമിക്കുന്നതിന് മുമ്പേ കണ്ടുകെട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

