കാമുകിമാരുടെ പേരിൽ സംഘർഷം; നാലുപേർക്ക് തടവ്
text_fieldsദുബൈ: പെൺസുഹൃത്തുക്കളെ മോശമായ രീതിയിൽ നോക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് നാലംഗ സംഘത്തെ ആക്രമിച്ച നാലുപേർ പിടിയിൽ. അറബ് രാജ്യക്കാരായ നാലുപേരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പിടിയിലായവർ ഏഷ്യൻ വംശജരാണെന്നു മാത്രമാണ് അധികൃതർ വെളിപ്പെടുത്തിയത്.
കത്തിയും വടിയും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. കേസിൽ വിധി പറഞ്ഞ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതികൾക്ക് ഒരു മാസം തടവും 10,000 ദിർഹം വീതം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചശേഷം രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
ദുബൈ ഗ്രേറ്റ് മാർക്കറ്റ് ഏരിയയിൽ രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. രണ്ടു പെൺസുഹൃത്തുക്കളോടൊപ്പം നടന്നുപോകുന്ന രണ്ടുപേർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആദ്യം ആക്രമിക്കുകയായിരുന്നു. പിന്നീട് രണ്ടുപേരെ കൂടി വിളിച്ചുവരുത്തി കത്തിവീശിയും ആക്രമിച്ചു.
സംഭവത്തിൽ അറബ് വംശജർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

