ദുബൈയിൽ കുറഞ്ഞ വിലയ്ക്ക് ഫ്ലാറ്റും കടകളും: പിടിയിലായ പ്രതികൾ തട്ടിയെടുത്തത് 20 ലക്ഷം ദിർഹം
text_fieldsദുബൈ: സ്വന്തമല്ലാത്ത പ്രോപർട്ടികൾ വ്യാജരേഖ ചമച്ച് വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ. തട്ടിപ്പിലൂടെ 20 ലക്ഷം ദിർഹം പലർക്കായി നഷ്ടപ്പെട്ടതായാണ് അനുമാനിക്കുന്നത്. 13 പേർ രണ്ടുദിവസത്തിനിടെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സാധാരണ വിലയേക്കാൾ കുറഞ്ഞനിരക്കിൽ ഫ്ലാറ്റ് അടക്കമുള്ളവ വിൽപന നടത്തുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ് തട്ടിപ്പിന്‍റെ തുടക്കം. പരസ്യക്കാരെ ബന്ധപ്പെട്ടപ്പോൾ പ്രോപ്പർട്ടി ലഭ്യമാണെന്ന് അറിയിക്കുകയായിരുന്നു. വിലക്കുറവ് കുറച്ചു ദിവസത്തേക്ക് മാത്രമാണെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെട്ടെന്ന് ഇടപാട് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ച് പണം നൽകിയവരാണ് വഞ്ചിക്കപ്പെട്ടത്.
പണം അടച്ചശേഷം പിന്നീട് പരസ്യം ചെയ്തവർ ഫോൺ എടുക്കാതായതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദുബൈ പൊലീസിലെ സാമ്പത്തികവിരുദ്ധ കുറ്റകൃത്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയതോടെയാണ് പ്രതികൾ പിടിയിലായത്. രണ്ടുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ കണ്ടെത്തി. ആഫ്രിക്കൻ രാജ്യക്കാരാണ് പിടിയിലായത്.
തട്ടിയെടുത്ത പണം നാട്ടിലേക്ക് അയച്ചതായി ചോദ്യംചെയ്തപ്പോൾ പ്രതികൾ വെളിപ്പെടുത്തി. പണം അയക്കാൻ ഉപയോഗിച്ച മണി എക്‌സ്‌ചേഞ്ച് സെന്‍ററുകളുടെ സഹായത്തോടെ പണം തിരിച്ചുപിടിക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയിൽ ലഭിക്കുന്ന റിയൽ എസ്റ്റേറ്റ് വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഇടപാടുകളിൽ രേഖകൾ ശരിയായി പരിശോധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

