62 ജീവനക്കാർക്ക് ഉംറക്ക് അവസരം നൽകി ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസിന്‍റെ വാർഷിക ഉംറ സംഘത്തിൽ അവസരം ലഭിച്ച ജീവനക്കാർ ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: ജീവനക്കാരുടെ ക്ഷേമവും സന്തോഷവും മുൻനിർത്തി ദുബൈ പൊലീസിന്‍റെ 23-ാമത് വാർഷിക ഉംറ സംഘത്തിൽ 62 ജീവനക്കാർക്ക് അവസരം നൽകി. ദുബൈ പൊലീസ് ജനറൽ കമാൻഡിലെ കമ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപാർട്മെന്റിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച പുറപ്പെട്ട, ആറുദിവസം നീളുന്ന ഈ യാത്രയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വനിതകളും പുരുഷന്മാരുമായ ജീവനക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്.
തീർഥാടകരെ യാത്രയാക്കാൻ സെക്യൂരിറ്റി അവെയർനെസ് ഡിപാർട്മെന്റ് ഡയറക്ടർ കേണൽ ബിശ്ർ സഈദ് അൽ മുഹൈരി, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ടോളറൻസ് വിഭാഗം മേധാവി ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ മസ്റൂയി, എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ മാർഗനിർദേശപ്രകാരമാണ് ഈ സംരംഭം. ജീവനക്കാരുടെ സന്തോഷവും ജീവിതനിലവാരവും വർധിപ്പിക്കുന്ന ഇത്തരം മാനുഷിക പദ്ധതികൾ ദുബൈ പൊലീസിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് കേണൽ അൽ മുഹൈരി വ്യക്തമാക്കി.
ജീവനക്കാർ നടത്തുന്ന സേവനങ്ങൾക്കുള്ള മികച്ച അംഗീകാരമായാണ് ഈ ഉംറ യാത്രയെന്ന് ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ മസ്റൂയി പറഞ്ഞു. മക്കയിലെ ഉംറ നിർവഹണത്തിന് പുറമെ പ്രവാചക നഗരിയായ മദീന സന്ദർശനവും ഈ യാത്രയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയിലുടനീളം നല്ല പെരുമാറ്റം പുലർത്തണമെന്നും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും കൂടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ടീമുമായി പൂർണമായി സഹകരിക്കണമെന്നും അദ്ദേഹം തീർഥാടകരോട് അഭ്യർഥിച്ചു.
വിശുദ്ധ ഉംറ നിർവഹിക്കാൻ ഇത്തരമൊരു വിലയേറിയ അവസരം ഒരുക്കി നൽകിയ ദുബൈ പൊലീസിന് ജീവനക്കാർ നന്ദിയും സന്തോഷവും രേഖപ്പെടുത്തി. ജീവനക്കാരുടെ മാനസിക സംതൃപ്തിയും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് ദുബൈ പൊലീസ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

