ഫെറാരി സ്വന്തമാക്കി ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് പ്രദർശിപ്പിച്ച ഫെറാരിയുടെ ഏറ്റവും പുതിയ മോഡൽ കാർ
ദുബൈ: പട്രോളിങ് വാഹന വ്യൂഹത്തിൽ ആഡംബര വാഹനമായ ഫെറാരിയെ കൂടി ചേർത്ത് ദുബൈ പൊലീസ്. ഫെറാരിയുടെ ഏറ്റവും പുതിയ മോഡലായ പുരോസാങ് മാൻസോറിയാണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്. ‘സുസ്ഥിര സുരക്ഷ ടൂറിസത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ’ എന്ന തലക്കെട്ടിൽ ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്മെന്റ് എമിറേറ്റ്സ് ടവറിന് മുന്നിൽ നടത്തിയ വാർഷിക ആഘോഷ പരിപാടിയിലാണ് ഫെറാരിയുടെ പുതിയ മോഡൽ പൊലീസ് അവതരിപ്പിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരും പങ്കാളികളും സന്നിഹിതരായിരുന്ന ചടങ്ങിൽ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്രി വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലോകത്ത് ഫെറാരിയുടെ ഏഴ് കസ്റ്റമൈസ്ഡ് മോഡലുകളിൽ ഒന്നാണ് പുരോസാങ് മാൻസോറി.
6.5 ലിറ്റർ വി12 എൻജിനുള്ള വാഹനത്തിന് 755 എച്ച്.പിയും 730 എൻ.എം ടോർക്കും ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.1 സെക്കൻഡ് മതി. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ കുതിക്കാനും ഫെറാരിക്ക് കഴിയും.
ബുർജ് ഖലീഫ, മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ജെ.ബി.ആർ തുടങ്ങിയ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിൽ പെട്രോളിങ് ശക്തമാക്കാൻ പുതിയ വാഹനങ്ങൾ സഹായകമാവുമെന്ന് ബ്രിഗേഡിയർ അൽ ഹജ്രി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 1184 ഇവന്റുകളിൽ ടൂറിസ്റ്റ് പൊലീസ് ഭാഗമായിരുന്നതായി ടൂറിസ്റ്റ് സെക്യൂരിറ്റ് പട്രോൾസ് തലവൻ ക്യാപ്റ്റൻ റാശിദ് നഗ്മാശ് അൽ മൻസൂരി പറഞ്ഞു. 2023ൽ 416 ഇവന്റുകളും 2024ൽ 440ഉം 2025ൽ 329ഉും ഇവന്റുകളും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

