പ്രൗഢമായി ദുബൈ പൊലീസ് അക്കാദമി ബിരുദദാന ചടങ്ങ്
text_fieldsപൊലീസ് അക്കാദമി ബിരുദദാന ചടങ്ങിൽ കേഡറ്റുകൾക്ക് ശൈഖ് ഹംദാൻ പുരസ്കാരങ്ങൾ
നൽകുന്നു
ദുബൈ: സുരക്ഷിതത്വത്തിന്റെയും മികവിന്റെ നഗരത്തിന് കാവലൊരുക്കാൻ പരിശീലനം നേടിയ പുതുതലമുറ പൊലീസ് ഉദ്യോഗാർഥികൾ ബിരുദം സ്വീകരിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ പൊലീസ് അക്കാദമിയിൽ വ്യാഴാഴ്ച 400ലേറെ പേരുടെ ബിരുദദാനച്ചടങ്ങ് നടന്നു. ചടങ്ങിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു.
33ാമത് ബാച്ചിലെ 115 പുരുഷ ഓഫിസർ കേഡറ്റുകൾ ആറാമത് ബാച്ചിലെ 120 വനിതാ ഓഫിസർ കേഡറ്റുകൾ, 53 സർവകലാശാല വിദ്യാർഥികൾ, ഫൗണ്ടേഷൻ കോഴ്സുകൾ പൂർത്തിയാക്കിയ 142 പേർ എന്നിവരാണ് ബിരുദം നേടിയത്. ദേശീയഗാനം മുഴങ്ങിയതോടെ ആരംഭിച്ച ചടങ്ങിൽ കേഡറ്റുകളുടെ പരേഡ് ശ്രദ്ധേയമായി. മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് ൈശഖ് ഹംദാൻ പുരസ്കാരങ്ങൾ നൽകി. അക്കാദമി പതാക 33ാമത് ബാച്ചിൽ നിന്ന് 34ാമത് ബാച്ചിന് കൈമാറുകയും രാജ്യനിയമങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ബിരുദധാരികൾ ചടങ്ങ് സമാപിപ്പിക്കുകയും ചെയ്തു.
പൊലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക, പൊലീസ് ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, ബിരുദധാരികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

