മക്കൾക്ക് തണലൊരുക്കി പൊലീസ്; കണ്ണുനിറഞ്ഞ് നന്ദിയോടെ മാതാവ്
text_fieldsദുബൈ: ഒറ്റപ്പെട്ടുപോയ മക്കൾക്ക് തണലൊരുക്കിയ ദുബൈ പൊലീസിന്റെ നടപടിയിൽ കണ്ണീരോടെ നന്ദി പറഞ്ഞ് ജയിലിൽ കഴിയുന്ന മാതാവ്. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കൾക്കാണ് പൊലീസ് തുണയായത്. മക്കളുമായി വിഡിയോകാളിൽ സംസാരിക്കാൻ അവസരമൊരുക്കിയ പൊലീസ് ഇവരുടെ സംരക്ഷണത്തിന് ജീവനക്കാരിയെയും നിയമിച്ചിട്ടുണ്ട്. താൻ പരിചരിച്ചതിനേക്കാൾ നന്നായി കുട്ടികളെ പൊലീസ് നോക്കുന്നുണ്ടെന്നും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. ഷാർജയിലെ ഫ്ലാറ്റിൽ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കൾക്കാണ് പൊലീസ് സംരക്ഷണമൊരുക്കിയത്.
ദുബൈയിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ വിധവയാണ് സാമ്പത്തിക കേസിൽ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവർ 50,000 ദിർഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാൽ, ആദ്യ മാസങ്ങളിൽ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളിൽ 2000 ദിർഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാൻപോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി. ശമ്പള വിഷയത്തിൽ തൊഴിലുടമയുമായുണ്ടായ പ്രശ്നത്തെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ, കുട്ടികളെ ഷാർജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവർ പോയത്. കുട്ടികളുടെ കാര്യം പൊലീസിനോട് പറഞ്ഞതുമില്ല. എന്നാൽ, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാൽ യുവതിയുടെ ജയിൽമോചനം വൈകി. അവീറിലെ സെൻട്രൽ ജയിലിലേക്ക് മാറ്റി. വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം.
സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചിരുന്നത്. സുഹൃത്തുക്കൾ വഴിയാണ് കുട്ടികളുടെ വിവരങ്ങൾ യുവതി അറിഞ്ഞിരുന്നത്. പൊലീസ് അറിഞ്ഞാൽ കുട്ടികളെ ചൈൽഡ് ഹോമിലാക്കുമെന്നും ഇതുവഴി അവർ വേർപിരിയുമെന്നും ഭയന്നാണ് പൊലീസിൽനിന്ന് മറച്ചുവെച്ചത്. എന്നാൽ, ജയിൽ മോചനം വൈകിയതോടെ മക്കളുടെ വിവരം പൊലീസിനെ അറിയിച്ചു. കുട്ടികളെ വേർപിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യർഥന.
ഇതോടെ പൊലീസ് ഷാർജ ചൈൽഡ് ആൻഡ് പ്രൊട്ടക്ഷൻ സെന്റർ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബൈ പൊലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിർദേശിക്കുകയായിരുന്നു. പൊലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീർക്കുകയും ബില്ലുകൾ അടക്കുകയും ചെയ്തു. ഇതിനുപുറമെ കുട്ടികൾക്ക് മാസത്തിൽ നിശ്ചിത സംഖ്യ സഹായം നൽകാനും തീരുമാനിച്ചു. വിഡിയോ കോൺഫറൻസിലൂടെ ഇവർക്ക് കുട്ടികളെ ദിവസവും കാണാൻ അവസരമൊരുക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് പ്യൂനിറ്റിവ് ആൻഡ് കറക്ഷനൽ ജനറൽ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജുൽഫാർ പറഞ്ഞു. തടവുകാർക്ക് സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും ദുർഘട ദിനങ്ങളെ മറികടക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും ഇത് ഉപകരിക്കുമെന്നും ദുബൈ സെൻട്രൽ ജയിലിലെ വനിത ജയിൽ ഡയറക്ടർ ജമീല അൽ സാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

