ഇ-ബൈക്ക് ചാർജിങ്, സ്വാപ്പിങ് സ്റ്റേഷൻ; കരാർ ക്ഷണിച്ച് ആർ.ടി.എ
text_fieldsദുബൈ: ഡെലിവറി മേഖലയിൽ ഇലക്ട്രിക് ബൈക്കുകളുടെ ചാർജിങ്, സ്വാപ്പിങ് സ്റ്റേഷനുകൾ നിർമിക്കുന്നതിന് എമിറേറ്റിലുടനീളമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് കരാർ ക്ഷണിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ ബർഷ, സഅബീൽ, അൽ മംസാർ തുടങ്ങിയ പ്രധാന ഡെലിവറി മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ ചാർജിങ്, സ്വാപ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത മാർഗമെന്ന നിലയിൽ ഡെലിവറി രംഗത്ത് ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹ്മദ് മെഹബൂബ് പറഞ്ഞു. വൈദഗ്ധ്യങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനും ഗുണകരമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുമായി സ്വകാര്യ മേഖലയുമായി പങ്കാളിത്തം വളർത്തുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ ഡെലിവറി മേഖല അനുദിനം വളർച്ച പ്രാപിക്കുകയാണ്. 40,000 ബൈക്കുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ദുബൈ സാമ്പത്തിക വികസന പദ്ധതികളെയും സുസ്ഥിര, പരിസ്ഥിതി മാർഗങ്ങളെയും പിന്തുണക്കുന്ന സംയോജിതവും സുരക്ഷിതവുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആർ.ടി.എ പ്രതിജ്ഞാബദ്ധമാണ്. ഡെലിവറി മേഖലയിൽ ഉൾപ്പെടെ പരിസ്ഥിതി സൗഹൃദപരമായ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡെലിവറി ഗതാഗത ശൃംഖല സൃഷ്ടിക്കാനും കഴിയും. ദുബൈ സാമ്പത്തിക വികസന ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നതാണീ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

