ദുബൈ ഓപൺ ടെന്നിസ്: ഏഴ് മുൻനിര താരങ്ങളെത്തും
text_fieldsദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ലോക റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനത്ത് നിൽക്കുന്ന ഏഴ് വനിത താരങ്ങൾ പങ്കെടുക്കും. ആദ്യ 20ലെ 14 താരങ്ങളും എത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻതാരം സാനിയ മിർസയുടെ വിടവാങ്ങൽ ടൂർണമെന്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഫെബ്രുവരി 19 മുതലാണ് ടൂർണമെന്റ്. നിലവിലെ ചാമ്പ്യൻ യെലേന ഒസ്റ്റാപെങ്കോ, ലോക റാങ്കിങ്ങിൽ ഒന്ന് മുതൽ നാലുവരെ സ്ഥാനത്ത് നിൽക്കുന്ന ഐഗ സ്വൈറ്റക്, ഒൻസ് ജാബിയർ, ജെസീക്ക പെഗുല, കരോളിൻ ഗാർഷ്യ എന്നിവരാണ് മുഖ്യ ആകർഷണം. ആദ്യമായാണ് ദുബൈ ഓപണിൽ ഇത്രയേറെ മുൻനിര വനിതതാരങ്ങൾ പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട താരമാണ് സ്വൈറ്റക്. തുനീഷ്യൻ താരം ഒൻസ് ജാബിയറിന്റെ മത്സരം അറബ് ലോകവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയാണ് ജാബിയർ. കഴിഞ്ഞ വർഷം നടന്ന യു.എസ് ഓപണിന്റെ കലാശപ്പോരിൽ ഇടംപിടിച്ച ജാബിയർ ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ദുബൈ ഓപൺ ഫൈനലിസ്റ്റ് വെറോണിക കുദർമെറ്റോവ, എട്ടാം നമ്പർ താരം ഡാരിയ കസാറ്റ്കിന, 2017 യു.എസ് ഓപൺ ഫൈനലിസ്റ്റ് മാഡിസൺ കീസ്, സ്പാനിഷ് താരം പൗള ബഡോസ, ബ്രസീലിന്റെ ഒന്നാം നമ്പറുകാരി ബിയാട്രിസ് ഹദ്ദാദ് എന്നിവരും മാറ്റുരക്കും. സാനിയ മിർസയുടെ വിരമിക്കൽ ടൂർണമെന്റായതിനാൽ ഇന്ത്യൻ ആരാധകരും ആകാംക്ഷയോടെയാണ് ചാമ്പ്യൻഷിപ്പിനെ നോക്കിക്കാണുന്നത്. അതേസമയം, ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. 55 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. ഫെബ്രുവരി ഒമ്പത് മുതൽ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിലെത്തിയാലും ടിക്കറ്റ് ലഭിക്കും.

