ജനങ്ങളുടെ പെരുമാറ്റം മനസ്സിലാക്കി സർക്കാർ സേവനങ്ങൾ നവീകരിക്കും
text_fieldsദുബൈ ‘നഡ്ജഥോൺ’ ആദ്യ ബാച്ച് പാസിങ്ഔട്ട് ചടങ്ങ്
ദുബൈ: ആളുകളുടെ പെരുമാറ്റശാസ്ത്രവും ഡിസൈൻ തിങ്കിങ്ങും അടിസ്ഥാനമാക്കി സർക്കാർ നയങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത ‘നഡ്ജഥോൺ’ പരിപാടിയുടെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് ചടങ്ങ് ദുബൈയിൽ നടന്നു.
ജി.ഡി.ആർ.എഫ്.എ ദുബൈയും മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്റും (എം.ബി.ആർ.എസ്.ജി) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജനറൽ ഡയറക്ടറേറ്റിലെ ജീവനക്കാരുടെ ആദ്യ ബാച്ചാണ് പുറത്തിറങ്ങിയത്. ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും എം.ബി.ആർ.എസ്.ജിയിലെ കോർപറേറ്റ് സപ്പോർട്ട് സർവിസ് സീനിയർ ഡയറക്ടർ മുഹമ്മദ് അൽ ഖത്തീബ്, ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന 100 ദിവസത്തെ ചലഞ്ചിൽ 51 പേർ പങ്കെടുത്തു. പെരുമാറ്റ ശാസ്ത്രത്തെ ആധാരമാക്കി 10 ഗുണാത്മക പദ്ധതികൾ പഠിതാക്കൾ വികസിപ്പിച്ചു.
സർക്കാർ പ്രവർത്തനരംഗത്തെ വെല്ലുവിളികൾക്ക് നവീനവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദേശിക്കുന്ന പദ്ധതികളായിരുന്നു ഇവ.
ചടങ്ങിനോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ പ്രദർശനവും നടന്നു. പങ്കെടുത്തവർ വികസിപ്പിച്ച പരിഹാര മാതൃകകൾ, പ്രയോഗിച്ച രീതികൾ, ഉപഭോക്തൃ അനുഭവത്തിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ വിശദമായി അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളെ ആദരിച്ചു. സഹാനുഭൂതി, നവീകരണം, കൂട്ടായ്മ എന്നിവയെ അടിസ്ഥാനമാക്കി കൂടുതൽ സുഗമവും സജീവവുമായ സർക്കാർ സംവിധാനമാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഇത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്തും.
ദുബൈ ‘നഡ്ജഥോൺ’ ഒരു പരിശീലനം മാത്രമായിരുന്നില്ലെന്നും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ സ്വാധീനിക്കുന്ന രീതിയിൽ സർക്കാർ സേവനങ്ങൾ രൂപകൽപന ചെയ്യാനുള്ള പ്രായോഗിക അനുഭവമായിരുന്നുവെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

