ദുബൈയിൽ 43 ബസ്, മറൈൻ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ബസ് സ്റ്റേഷനുകളിലും 22 മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
പ്രമുഖ ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡുമായി കൈകോർത്താണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് ആർ.ടി.എ അറിയിച്ചു. പൊതുഗതാഗത യാത്രക്കാർക്ക് യാത്ര ഇടവേളകളിൽ സ്റ്റേഷനുകളിൽവെച്ച് സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിക്കാൻ ഇത് സഹായകരമാവും.
ആർ.ടി.എയുടെ എല്ലാ സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗജന്യ വൈഫൈ ലഭ്യമാകുന്നതിലൂടെ ബസ്, മറൈൻ ഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് കൂടുതൽ ആനന്ദകരമായ യാത്ര അനുഭവം സമ്മാനിക്കാനാകും. ഇതുവഴി ലോകത്തെ ഏറ്റവും സ്മാർട്ടും സന്തോഷകരവുമായ നഗരമായി മാറാനുള്ള ദുബൈയുടെ ആഗ്രഹത്തിന് സംഭാവന നൽകാനും സാധിക്കുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ ഇടങ്ങളിലേക്ക് സൗജന്യ വൈഫൈ വ്യാപിപ്പിക്കാനുള്ള വിലയിരുത്തലുകൾ നടന്നുവരുകയാണ്. ഇ ആൻഡുമായി ചേർന്ന് ഉയർന്ന നിലവാരമുള്ള കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

