ദുബൈ ദേശീയ സർവകലാശാല നിർമിക്കും
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: എമിറേറ്റിൽ ലോക നിലവാരത്തിലുള്ള ദേശീയ സർവകലാശാല നിർമിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബൈ നാഷനൽ യൂനിവേഴ്സിറ്റി എന്ന പേരിൽ നിർമിക്കുന്ന സർവകലാശാലക്ക് 450 കോടി ദിർഹമാണ് പ്രാഥമിക നിക്ഷേപം.
ഭാവികേന്ദ്രീകൃതമായ സ്പെഷലൈസ്ഡ് അക്കാദമിക പ്രോഗ്രാമുകളാണ് സർവകലാശാല വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച 50 സർവകലാശാലകളിൽ ഇടം പിടിക്കുകയാണ് ലക്ഷ്യം. ഇമാറാത്തിന്റെ സവിശേഷത നിലനിർത്തുന്നതോടൊപ്പം ലോകോത്തര നിലവാരമുള്ള പ്രോഗ്രാമുകൾക്കും സർവകലാശാല ഊന്നൽ നൽകും.
ലോകത്ത് ഗവേഷണ മികവിനുള്ള മികച്ച സർവകലാശാലകളിൽ ഒന്നായി ദുബൈ ദേശീയ സർവകലാശാലയെ മാറ്റുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
ഈ മാറ്റങ്ങൾ മനസ്സിലാക്കാനും രാജ്യത്തിനും നമുക്കും മികച്ച ഭാവി കെട്ടിപ്പടുക്കാൻ അവ ഉപയോഗിക്കാനും കഴിവുള്ള തലമുറകളെ സൃഷ്ടിക്കുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ ദേശീയ സർവകലാശാലയുടെ സുപ്രീം പ്രസിഡന്റ്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈയുടെ ഫസ്റ്റ് ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് വൈസ് പ്രസിഡന്റ്. സർവകലാശാലയുടെ ട്രസ്റ്റ് ബോർഡും കൂടിയാലോചന സമിതിയും രൂപവത്കരിക്കുന്നതിനുള്ള നിയമവും ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചു.
ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം ആയിരിക്കും ബോർഡ് ഓഫ് ട്രസ്റ്റിന്റെ ചെയർമാൻ. ഒമർ സുൽത്താൻ അൽ ഉലമ, ഹലാൽ സഈദ് അൽ മർറി, ആയിശ അബ്ദുല്ല മിറാൻ, അഹമ്മദ് ബിൻ ബയാത്, ഈസ കാസിം, ഡോ. അലവി അൽ ശൈഖ് അലി എന്നിങ്ങനെ ആറു പേരാണ് ബോർഡിലെ അംഗങ്ങൾ.
ഡോ. മുഹമ്മദ് അൽ അരിയാൻ, പ്രഫസർ ഫദൽ ആദിബ്, സഈബ് ദാഗർ, ഫാദി ഖന്ദൂർ എന്നിവരാണ് കൂടിയാലോചന സമിതിയിലെ അംഗങ്ങൾ. ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച 10 നഗരങ്ങളിൽ ഒന്നായി ദുബൈയെ മാറ്റുകയെന്നതാണ് പുതിയ സർവകലാശാല സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

