മാലിന്യം വലിച്ചെറിയേണ്ട; എ.ഐ കാമറ പിടിക്കും
text_fieldsദുബൈ: നിർമിതബുദ്ധി സാങ്കേതികവിദ്യ(എ.ഐ) കാമറ ഉപയോഗിച്ച് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്ന പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റി തുടക്കമിടുന്നു. പൊതു ശുചിത്വം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളിൽ നടപടികൾ വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. സ്മാർട്ട് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് കാമറ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ശുചിത്വം പാലിക്കുകയെന്ന നയത്തിന്‍റെ ഭാഗമായാണിത് രൂപപ്പെടുത്തുന്നത്.
പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തൽസമയം നിയമലംഘനങ്ങൾ കണ്ടെത്താനും ഫീൽഡ് ടീമംഗങ്ങൾക്ക് ഉടനടി നടപടി സ്വീകരിക്കാനും സാധിക്കും.
പൈലറ്റ് ഘട്ടത്തിൽ മാലിന്യശേഖരണ, ഗതാഗത വാഹനങ്ങളിലാണ് കാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. ഇതുവഴി ദുബൈയിലെ റോഡുകൾ, റെസിഡൻഷ്യൽ പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ നിരീക്ഷിക്കാൻ സാധിക്കും. കണ്ടെയ്‌നറുകൾക്ക് സമീപവും നടപ്പാതകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും അനധികൃത മാലിന്യനിക്ഷേപം നടത്തുന്നതിനെയാണ് പുതിയ സംവിധാനം പ്രത്യേകമായി ലക്ഷ്യമിടുന്നത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ള മോശം പെരുമാറ്റങ്ങൾ കാമറകൾ നിരീക്ഷിക്കും. അനധികൃതമായി മാലിന്യം തള്ളിയാൽ 500 ദിർഹം വരെ പിഴ ഈടാക്കും.
ഫർണിച്ചറുകളുടെ അനുചിതമായ സംസ്കരണം, നഗരത്തിന്റെ രൂപഭംഗി നശിപ്പിക്കുകയും മാലിന്യം അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്ന മറ്റ് രീതികൾ എന്നിവയും നിരീക്ഷിക്കും. പൈലറ്റ് പ്രൊജക്ട് വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയുടെ വിപുലീകരണം നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിഥ പറഞ്ഞു.
ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദുബൈ കഴിഞ്ഞവർഷം ‘ഇൽത്തിസാം’ എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരുന്നു.
പൊതു ശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനാണിത് രൂപപ്പെടുത്തിയത്. മാലിന്യം വലിച്ചെറിയുന്നതും തുപ്പുന്നതും മുതൽ നിയമവിരുദ്ധമായ ബാർബിക്യൂ, വളർത്തുമൃഗങ്ങളുടെ മലിനമാക്കൽ വരെ ഇതിൽ റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്.
ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ച ഈ ആപ്പ്, ജുഡീഷ്യൽ അധികാരമുള്ള തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഫോട്ടോ തെളിവുകളും ലൊക്കേഷൻ ട്രാക്കിങ്ങും ചേർത്ത് നിയമലംഘനങ്ങൾ അതത് സ്ഥലത്തുനിന്ന് തന്നെ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

