മനോഹരമാകട്ടെ, പരസ്യം
text_fieldsദുബൈ: ദുബൈയുടെ നഗരസൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സാംസ്കാരികത്തനിമ സംരക്ഷിക്കുന്നതിനുമായി പരസ്യ ഉള്ളടക്കങ്ങൾക്കും ഡിസൈനുകൾക്കും പുതിയ ഏകീകൃത മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. നഗരത്തിലെ ഔട്ട്ഡോർ പരസ്യ മേഖലയിലെ സർഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ദുബൈയുടെ കാഴ്ചസൗന്ദര്യത്തിന് അനുയോജ്യമായ രീതിയിൽ പരസ്യങ്ങൾ ക്രമീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വളർന്നുവരുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ കണക്കിലെടുത്ത് തയാറാക്കിയ ഈ നിർദേശങ്ങൾ ബ്രാൻഡുകൾക്കും പരസ്യ ഏജൻസികൾക്കും ഡിസൈനർമാർക്കും വഴികാട്ടിയാകും. എഴുതിയ വിവരങ്ങൾ, ചിത്രങ്ങൾ, ലോഗോകൾ, ആനിമേഷനുകൾ, പ്രൊമോഷനൽ പ്രദർശനങ്ങൾ, പ്രതികരിക്കുന്ന ഇന്ററാക്ടീവ് ഘടകങ്ങൾ, സ്മാരകങ്ങളുടെ ഉപയോഗം എന്നിവക്കെല്ലാം വ്യക്തമായ മാനദണ്ഡങ്ങൾ ഈ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്തൃ സംരക്ഷണം, പൊതുജനസുരക്ഷ, റോഡ് ഉപയോക്താക്കളുടെ സുരക്ഷ, പ്രാദേശിക സാംസ്കാരിക മൂല്യങ്ങളോടുള്ള ആദരവ് എന്നിവ ഉറപ്പാക്കി പരസ്യങ്ങളുടെ ഗുണനിലവാരം ഉയർത്തും. വ്യക്തമായ ചട്ടങ്ങൾ നിലവിൽ വരുന്നത് വഴി പരസ്യങ്ങളുടെ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാവുകയും കാര്യക്ഷമമാവുകയും ചെയ്യും.
ഡിജിറ്റൽ യുഗത്തിൽ നഗരത്തിന്റെ പൊതു ഇടങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഉതകുന്ന സർഗാത്മകത അനിവാര്യമാണെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. പുതിയ മാർഗനിർദേശങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ദുബൈ മുനിസിപ്പാലിറ്റിയുടെ കോൾ സെന്റർ നമ്പറായ 800900ൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

