ഉപയോഗിച്ച പാചക എണ്ണ ജൈവ ഡീസലാക്കാൻ പദ്ധതി; ദുബൈ മുനിസിപ്പാലിറ്റിയും ബയോഡ് ടെക്നോളജിയും ധാരണയായി
text_fieldsഉപയോഗിച്ച പാചക എണ്ണ ബയോഡീസലാക്കി മാറ്റുന്ന പദ്ധതിയുടെ ധാരണ പത്രത്തിൽ ദുബൈ മുനിസിപ്പാലിറ്റിയും ബയോഡ് ടെക്നോളജിയും ഒപ്പുവെക്കുന്നു
ദുബൈ: അടുക്കളകളിലും റസ്റ്റാറന്‍റുകളിലും ഉപയോഗിച്ച പാചക എണ്ണകളും കൊഴുപ്പുകളും ഇനി സിങ്കിലൂടെ ഒഴുക്കിക്കളയണ്ട. ദുബൈ മുനിസിപ്പാലിറ്റിക്ക് നൽകിയാൽ അവരത് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ജൈവ ഡീസലാക്കി മാറ്റും. ഇതിനായി പരിസ്ഥിതി സൗഹൃദ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മുനിസിപ്പാലിറ്റി. ഡുബാൽ ഹോൾഡിങ്ങിന്‍റെ ഉപസ്ഥാപനമായ ബയോഡ് ടെക്നോളജിയുമായി കൈകോർത്താണ് നൂതനമായ പദ്ധതി നടപ്പിലാക്കുക.
ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഇരുവരും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ധാരണ പ്രകാരം ദുബൈയിലുടനീളുമുള്ള വീടുകളിൽ നിന്നും റസ്റ്റാറന്‍റുകളിൽ നിന്നും ഉപയോഗിച്ച പാചക എണ്ണകൾ, ഗ്രീസ്, കൊഴുപ്പുകൾ എന്നിവ ശേഖരിച്ച് ബയോഡ് ടെക്നോളജി പുനരുപയോഗിക്കാവുന്ന ജൈവ ഡീസലാക്കി മാറ്റും. ഉപയോഗിച്ച ശേഷമുള്ള പാചക എണ്ണകളും മറ്റും ശേഖരിക്കുന്നതിനായി എമിറേറ്റിലെ വീടുകളേയും റസ്റ്റോറന്റുകളേയും ബന്ധിപ്പിച്ചുള്ള പുതിയ ശൃംഖലക്ക് തുടക്കമിടും. ബി100 എന്ന ജൈവ ഡീസലാണ് ബയോഡ് ഉത്പാദിപ്പിക്കുക. അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനം കുറക്കുന്നതിന് പദ്ധതി വലിയ സഹായകമാവും. പാചക വാതക എണ്ണ സിങ്ക്വഴി ഒഴിക്കുന്നത് തടയുക മാത്രമല്ല, പരിസ്ഥിതിക്ക് ഹാനികരമാവുന്ന വസ്തുക്കളെ ഇല്ലാതാക്കാനും പദ്ധതിയിലൂടെ കഴിയും.
മുനിസിപ്പാലിറ്റിയുടെ ഓവുചാൽ, പുനരുപയോഗ ജല പദ്ധതികളുടെ വകുപ്പ് ഡയറക്ടർ ഫഹദ് അൽ അവദി, ബയോഡ് ടെക്നോളജി ബോർഡ് അംഗം യൂസുഫ് ബസ്താകി, ബയോഡ് ടെക്നോളജി സി.ഇ.ഒ ശിവ വിഗ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. നൂതന സാങ്കേതിക വിദ്യയും വ്യവസായ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിയാണ് ഉപയോഗിച്ച പാചക എണ്ണകളെ പുനരുപയോഗ ജൈവ ഡീസലാക്കി മാറ്റുന്നതെന്ന് ശിവ വിഗ് പറഞ്ഞു. യു.എ.ഇയുടെ ഹരിത സാമ്പത്തിക ലക്ഷ്യങ്ങളുമായി ചേർന്നു നിൽക്കുന്നതാണ് പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പദ്ധതിയിലൂടെ പരിസ്ഥിതി ആഘാതം കുറക്കാനും വാണിജ്യ കിച്ചണുകൾക്കും റസ്റ്റാറന്‍റുകൾക്കും മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് കുറക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

