Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മിനിബസ് അപകടം;...

ദുബൈ മിനിബസ് അപകടം; മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

text_fields
bookmark_border
ദുബൈ മിനിബസ് അപകടം; മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
cancel
camera_alt

അപകടത്തിൽ മരിച്ചവർ-(ഇടത്തുനിന്ന്​): സാമുവൽ രംഗസാമി, മാർക്കണ്ഡേയ ചൗഹാൻ, അബ്ദുൽ റഷീദ്, അബ്ദുൽ റഫീഖ്, മുഹമ്മദ് സാഖിബ്, തിരുപ്പതി ഗൊല്ലപ്പള്ളി, സലീം സയ്യിദ്

ദുബൈ: ജീവിതം ശോഭനമാകുമെന്ന പ്രതീക്ഷയിൽ പ്രവാസത്തിലേക്ക്​ പറന്നിറങ്ങിയ അവർ തിരിച്ചുപറന്നത്​ ജീവനറ്റ മൃതശരീരങ്ങളായി. ജൂൺ ഏഴിന്​ എമിറേറ്റ്​സ്​ റോഡിൽ മിനി ബസ്​ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ട ആറ്​ ഇന്ത്യക്കാരുടെയും ഒരു ശ്രീലങ്കക്കാരന്‍റെയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുബൈയിലെ എംബാമിങ് സെന്‍ററിൽ വെച്ച് എംബാം ചെയ്ത മൃതദേഹങ്ങൾ ഘട്ടങ്ങളായാണ് നാട്ടിലെത്തിച്ചത്.

വർഷങ്ങളോളം ഒന്നിച്ച്​ ജോലി ചെയ്ത സഹപ്രവർത്തകരും സുഹൃത്തുക്കളുമായ പ്രിയപ്പെട്ടവർക്ക്​ കണ്ണീരോടെയാണ് ഒപ്പമുള്ളവർ വിട നൽകിയത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും സാമൂഹിക പ്രവർത്തകരും അടക്കമുള്ളവർ അവർക്ക്​ അവസാനമായി വിട നൽകാൻ ഒത്തുകൂടിയിരുന്നു.

അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊപ്പം, സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ ദുബൈയിലേക്ക് അയച്ച എം.എൽ.എ മെദിപ്പള്ളി സത്യവും എംബാമിങ് സെന്‍ററിൽ സന്നിഹിതനായിരുന്നു.

കുടുംബത്തിന് മികച്ച ഭാവി ഉറപ്പാക്കാൻ പിറന്ന നാട്​ വിട്ടെത്തിയരായിരുന്നു അവർ. ഒരാൾ ഒരു പതിറ്റാണ്ടിലേറെയായി പ്രവാസിയാണെങ്കിൽ, മറ്റ് ചിലർ ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം ദുബൈയിൽ എത്തിയവരായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചയുടൻ തന്നെ ഏഴുപേരുടെയും എമ്പാമിങ് നടപടികൾ പൂർത്തിയാക്കിയതായി കമ്പനി വക്താവിനെ ഉദ്ധരിച്ച്​ ‘ഗൾഫ് ന്യൂസ്​’ റിപ്പോർട്ട്​ ചെയ്തു. ഇത്തരം കേസുകളിൽ നിയമനടപടികൾ സങ്കീർണമാണെങ്കിലും ദുബൈ അധികൃതരുടെയും ഇന്ത്യ, ശ്രീലങ്ക കോൺസുലേറ്റുകളുടെയും അടിയന്തര ഇടപെടൽ കാരണം നടപടികൾ വേഗത്തിൽ പൂർത്തിയായി.

എമ്പാമിങ് ഒന്നിച്ച് നടത്തിയെങ്കിലും വ്യത്യസ്ത ഘട്ടങ്ങളായാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയത്. രണ്ട് മൃതദേഹങ്ങൾ വെള്ളിയാഴ്ച രാത്രിയും നാലെണ്ണം ശനിയാഴ്ചയും അയച്ചു. ഏഴാമത്തെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റവർ സുഖം പ്രാപിക്കുന്നു

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്നവർ സുഖം പ്രാപിച്ചുവരുന്നു. ഒരാളുടെ നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളവരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. പരിക്കേറ്റ് ആശുപത്രി വിട്ട തൊഴിലാളികളോട് താമസസ്ഥലത്ത് വിശ്രമിക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ശാരീരികമായും മാനസികമായും പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം ജോലിയിൽ കയറിയാൽ മതിയെന്നാണ് കമ്പനിയുടെ നിലപാട്.

‘മിക്കവരും ഉറക്കത്തിലായിരുന്നു'

അപകടം നടക്കുന്ന സമയത്ത് മിനിബസിലുണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. അവർ ഉണർന്നിരുന്നെങ്കിൽ ഒരുപക്ഷേ ബസിന്‍റെ മറുഭാഗത്തേക്ക് മാറി ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. ഇരകളായവരിൽ ഭൂരിഭാഗവും മിനിബസിന്‍റെ വലതുഭാഗത്താണ് ഇരുന്നിരുന്നത്.

എമിറേറ്റ്സ് റോഡിൽ അശ്രദ്ധമായി ട്രക്ക് റോഡിന് നടുവിൽ നിർത്തിയിട്ടതിനെ തുടർന്നാണ്​ അപകടം നടന്നതെന്ന്​ ദുബൈ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ദിശയിൽ വന്ന മിനിബസ് നിർത്തിയിട്ടിരുന്ന ട്രക്കിന്‍റെ പുറകിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു.

ഇന്ത്യക്കാരായ മാർക്കണ്ഡേയ ചൗഹാൻ, അബ്ദുൽ റഷീദ്, മുഹമ്മദ് സാഖിബ്, സലീം സയ്യിദ്, അബ്ദുൽ റഫീഖ്, തിരുപ്പതി ഗൊല്ലപ്പള്ളി, ശ്രീലങ്കൻ സ്വദേശിയായ സാമുവൽ രംഗസാമി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ദിവസത്തെ അവരുടെ ഓപ്ഷനൽ ഷിഫ്റ്റ് കഴിഞ്ഞ് ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരിൽ തിരുപ്പതി ഗൊല്ലപ്പള്ളിക്ക് കഴിഞ്ഞ മാസമാണ് 23 വയസ്സ്​ വയസ്സ് തികഞ്ഞത്. മാർക്കണ്ഡേയ ചൗഹാൻ പത്ത് വർഷത്തിലേറെയായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചിലവും വഹിച്ചത് ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ടെക്നിക്കൽ സർവീസസ് കമ്പനിയാണ്.

അതിനൊപ്പം, അബൂദബി ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിങ്​സ്​ ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 ലക്ഷം ദിർഹത്തിന്‍റെ മാനുഷിക സഹായ പാക്കേജ് ദുരിതബാധിതരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.

മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് 1,00,000 ദിർഹം വീതവും പരിക്കേറ്റ ഒമ്പത് പേർക്ക് ചികിത്സാ ആവശ്യങ്ങൾക്കായി 1,80,000 ദിർഹവും അടിയന്തര യാത്ര-താമസ സൗകര്യങ്ങൾക്കായി 70,000 ദിർഹവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 50,000 ദിർഹവുമാണ് ഈ പാക്കേജിലൂടെ മാറ്റിവെച്ചിരിക്കുന്നത്. ഇതിനായുള്ള തുടർനടപടികൾക്കായി ഓരോ കുടുംബത്തോടും ഒരു പ്രതിനിധിയെ ചുമതലപ്പെടുത്താൻ കമ്പനി നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Dubai minibus accident: Bodies of six Indians brought back home
Next Story