ദുബൈ റൺ: മെട്രോ സമയം നീട്ടി ആർ.ടി.എ
text_fieldsദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നവംബർ 23ന് നടക്കുന്ന ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് യാത്ര സുഖകരമാക്കാൻ മെട്രോ സമയം നീട്ടി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഞായറാഴ്ച പുലർച്ച മൂന്ന് മുതൽ മെട്രോ സർവിസ് നടത്തും. തുടർന്ന് അന്നേദിവസം അർധരാത്രി 12 മണിവരെ സർവിസ് തുടരുമെന്ന് ആർ.ടി.എ അറിയിച്ചു.
ദുബൈ റണ്ണിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകൾ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ആർ.ടി.എ അറിയിച്ചിരുന്നു. പുലർച്ച മൂന്നുമുതൽ രാവിലെ 10 മണിവരെ ആയിരിക്കും ട്രാഫിക് നിയന്ത്രണം. ഞായറാഴ്ച യാത്രകൾ പ്ലാൻ ചെയ്യുന്നവർ ബദൽ മാർഗങ്ങൾ തേടണമെന്നും ആർ.ടി.എ അഭ്യർഥിച്ചു. അതേസമയം, എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലിക്കും ഞായറാഴ്ച ടോൾ നിരക്കിൽ വർധന വരുത്തിയിട്ടുണ്ട്. ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സ്റ്റാർട്ടിങ് പോയന്റിൽ എത്താനായി വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലേക്ക് പോകാമെന്ന് ആർ.ടി.എ അറിയിച്ചു.
നോൾ കാർഡിൽ മിനിമം ബാലൻസായി 15 ദിർഹം ഉണ്ടെന്ന് ഉറപ്പുവരുത്തണം. സിൽവർ ക്ലാസ് നോൾ കാർഡിൽ മിനിമം ബാലൻസായി 30 ദിർഹവും ഗോൾഡ് ക്ലാസിൽ മിനിമം ബാലൻസ് 50 ദിർഹവും ഉണ്ടായിരിക്കണം. എമിറേറ്റിൽ നടത്തുന്ന ഏറ്റവും വലിയ വാർഷിക കായികക്ഷമത പരിപാടിയാണ് ദുബൈ റൺ. ഏഴാമത് എഡിഷനിൽ വിവിധ എമിറേറ്റുകളിൽനിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കും. ശൈഖ് സായിദ് റോഡിൽനിന്നാണ് റൺ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

