ദുബൈ മെട്രോ ബ്ലൂലൈൻ ആദ്യ സ്റ്റേഷന് ശിലയിട്ടു
text_fieldsദുബൈ മെട്രോ ബ്ലൂലൈനിലെ ആദ്യ സ്റ്റേഷന്റെ ശിലാസ്ഥാപന ചടങ്ങിൽ ശൈഖ് മുഹമ്മദ്
ബിൻ റാശിദ് ആൽ മക്തൂം മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: എമിറേറ്റിലെ ഗതാഗത രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്ന ദുബൈ മെട്രോ ബ്ലൂലൈനിലെ ആദ്യ സ്റ്റേഷന്റെ ശിലാസ്ഥാപനം നിർവഹിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ചരിത്ര മുഹൂർത്തത്തിൽ ശിലയിടൽ നിർവഹിച്ചത്.
ബ്ലൂലൈനിൽ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മെട്രോ സ്റ്റേഷൻ കൂടിയായ ഇമാർ പ്രോപർട്ടീസ് സ്റ്റേഷന്റെ രൂപകൽപന അനാച്ഛാദനം ചെയ്തിട്ടുമുണ്ട്. 2029 സെപ്റ്റംബർ ഒമ്പതിന് യാത്രക്കാർക്ക് മെട്രോയുടെ ബ്ലൂലൈൻ തുറന്നു നൽകാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2009ൽ തുറന്ന റെഡ്, ഗ്രീൻ ലൈനുകളുടെ 20ാം വാർഷികദിനത്തിലാകുമിത്. ഒമ്പത് എന്ന നമ്പറിന് ദുബൈ മെട്രോയുടെ ചരിത്രത്തിൽ വലിയ പ്രത്യേകതയുണ്ട്. കാരണം 09-09-2009ന് രാത്രി 9 കഴിഞ്ഞ് 9 മിനിറ്റും 9 സെക്കൻഡും പൂർത്തിയായപ്പോഴാണ് ദുബൈ മെട്രോയുടെ ആദ്യ ലൈൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതിനെ അനുസ്മരിപ്പിച്ച് ജൂൺ 9 എന്ന തീയതിയിലാണ് ആദ്യ ബ്ലൂലൈൻ സ്റ്റേഷൻ ശിലാസ്ഥാപനം നിർവഹിച്ചിട്ടുള്ളത്. ദുബൈയുടെ നിലവിലുള്ള പ്രശസ്തമായ ലാൻഡ് മാർക്കുകളിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന പുതിയ വാസ്തുശിൽപ ഐക്കണായി സ്റ്റേഷൻ മാറുമെന്ന് ശിലാസ്ഥാപനം നിർവഹിച്ച വിവരം പങ്കുവെച്ചുകൊണ്ട് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
ദുബൈ മെട്രോ ബ്ലൂലൈനിലെ ആദ്യ സ്റ്റേഷന്റെ രൂപരേഖ
5,600 കോടി ദിർഹം നിക്ഷേപിക്കുന്ന ബ്ലൂലൈൻ 30 കി.മീറ്റർ നീളത്തിലാണ് നിർമിക്കുന്നതെന്നും ദുബൈയുടെ റെയിൽ ശൃംഖലയുടെ ആകെ നീളം 131 കി.മീറ്ററും 78 സ്റ്റേഷനുകളുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലൂലൈൻ നിർമാണത്തിന് മൂന്ന് വിദേശ കമ്പനികൾ ചേർന്നുള്ള കൺസോർട്യത്തിന് നിർമാണ കരാർ നൽകിയതായി നേരത്തെ ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. ബ്ലൂലൈൻ ദുബൈയിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോവുക. 14 സ്റ്റേഷനുകളാണ് ബ്ലൂലൈനിന് ഉണ്ടാവുക. ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിലെ സെന്റർപോയന്റ് സ്റ്റേഷൻ, ദുബൈ ഇന്റർനാഷനൽ സിറ്റി സ്റ്റേഷൻ 1 തുടങ്ങിയ പ്രധാന ഇന്റർചേഞ്ച് പോയന്റുകളും ദുബൈ ക്രീക്ക് ഹാർബറിലെ ഐക്കണിക് സ്റ്റേഷനും ഇതിലുൾപ്പെടും.
28 ട്രെയിനുകൾ സർവിസ് നടത്തും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും മിർദിഫ്, അൽ വർഖ, ഇന്റർനാഷനൽ സിറ്റി 1, 2, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസ് അൽഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നീ ഒമ്പത് പ്രധാന പ്രദേശങ്ങളെ ബ്ലൂലൈൻ നേരിട്ട് ബന്ധിപ്പിക്കും.
2030 ഓടെ രണ്ട് ലക്ഷം യാത്രക്കാരെ ഈ പാതയിൽ കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040 ആകുമ്പോഴേക്കും ഇത് 32,0000 ആയി ഉയർത്തും. രണ്ട് ദിശയിലേക്കും മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ക്രമീകരണം. നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ മേഖലയിലെ ഗതാഗത തിരക്ക് 20 ശതമാനം കുറക്കാൻ സാധിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.