ദുബൈ മെട്രോ; നിരീക്ഷണത്തിന് 9000 കാമറകൾ
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായ ദുബൈ മെട്രോ മുഴു സമയവും നിരീക്ഷിക്കാൻ ഉപയോഗിക്കുന്നത് 9000 കാമറകൾ. മുഴുസമയവും 53 സ്റ്റേഷനുകളും 129 ട്രെയിനുകളും കാമറകൾ ഉപയോഗപ്പെടുത്തിയാണ് നിരീക്ഷിക്കുന്നത്. ഇതിനായി ദുബൈ മെട്രോയുടെ ഓപറേഷൻസ് കൺട്രോൾ സെന്ററിൽ 20 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. ദിവസേന കടന്നുപോകുന്ന 8.5 ലക്ഷം യാത്രക്കാർക്ക് ഈ സംവിധാനത്തിലൂടെ പ്രയാസ രഹിതമായ യാത്രയാണ് അധികൃതർ ഒരുക്കുന്നത്.
ഓപറേഷൻaസ് കൺട്രോൾ സെന്ററിൽ ദുബൈ പൊലീസിന്റെ ഹൈടെക് നിരീക്ഷണ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ദുബൈ മെട്രോയുടെയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബൈ റാശിദിയയിൽ സ്ഥിതി ചെയ്യുന്ന കൺട്രോൾ റൂമിൽ മാധ്യമങ്ങൾക്ക് അനുവദിച്ച പ്രത്യേക സന്ദർശനത്തിനിടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മൂന്ന് തലങ്ങളിലായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഒരു വിഭാഗം മെട്രോ പ്രവർത്തന സമയത്ത് ദൈനംദിന പ്രവർത്തനവും ഓപറേഷനും നിരീക്ഷിക്കും. എന്തെങ്കിലും കേടുപാടുകളോ പ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ അതിവേഗത്തിൽ ജീവനക്കാർ സർവിസ് സാധാരണഗതിയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡിപ്പോകളുടെ ഓപറേഷനാണ് രണ്ടാമത്തെ വിഭാഗം നിരീക്ഷിക്കുന്നത്. അറ്റകുറ്റപ്പണികളുടെ മേഖലകളും മെട്രോയിലെ ഏതെങ്കിലും മേഖലയിൽ അലാറം മുഴങ്ങുന്നുണ്ടോയെന്നതും ഈ വിഭാഗമാണ് നിരീക്ഷിക്കുക. മൂന്നാമത്തെ വിഭാഗം മൊത്തത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.
സ്റ്റേഷനിലോ ട്രെയിനിലോ എന്തെങ്കിലും സുരക്ഷ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസ് അതിവേഗം സംഭവമുണ്ടായ സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകും. ദുബൈ പൊലീസിന്റെ കൺട്രോൾ റൂം കനത്ത സുരക്ഷ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
നിർമിതബുദ്ധി, പ്രവചന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചാണ് മെട്രോയുടെ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നത്. ദുബൈ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത് 2024ലെ പ്രളയമായിരുന്നു. മുമ്പൊന്നും സംഭവിച്ചിട്ടില്ലാത്ത അനുഭവമായിരുന്നിട്ടും വളരെ വേഗത്തിൽ സേവനം പുനഃസ്ഥാപിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രളയത്തിന് ശേഷം ആർ.ടി.എ അടിയന്തര പ്രതികരണ പ്രോട്ടോകോൾ പൂർണമായും പരിഷ്കരിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

