ദുബൈ മെറ്റാവേഴ്സ് അസംബ്ലി സെപ്റ്റംബറിൽ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ ഫ്യൂചർ മ്യൂസിയംദുബൈ: ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്ത് ദുബൈ സർക്കാർ പുതിയനയം പ്രഖ്യാപിച്ചതിനുപിന്നാലെ മെറ്റാവേഴ്സ് അസംബ്ലിക്കും വേദിയൊരുങ്ങുന്നു. സെപ്റ്റംബർ 28, 29 തീയതികളിൽ ഫ്യൂചർ മ്യൂസിയത്തിലാണ് ദുബൈ മെറ്റാവേഴ്സ് അസംബ്ലി നടക്കുന്നത്. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആഗോളതലത്തിൽ ഈ സാങ്കേതികതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40 സ്ഥാപനങ്ങളും 300 വിദഗ്ധരും ദുബൈയിൽ ഒന്നുചേരും. 10ലധികം സെഷൻസും ശിൽപശാലകളും നടക്കും.
മെറ്റാവേഴ്സിന്റെ അനന്തസാധ്യതകൾ മനുഷ്യസമൂഹത്തിന് ഗുണകരമാകുംവിധം എങ്ങനെ വിനിയോഗിക്കാമെന്ന ചർച്ചകളാണ് അസംബ്ലിയിൽ നടക്കുക. മെറ്റാവേഴ്സിന്റെ ഭാവി സംബന്ധിച്ച ആഗോള ചർച്ചകളുടെ തുടക്കമായിരിക്കും ദുബൈയിൽ നടക്കുകയെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി.
'മെറ്റാവേഴ്സ് രംഗത്ത് പുതുമ കണ്ടെത്താൻ ശ്രമിക്കുന്നവരെ ഒന്നിപ്പിക്കുന്ന ആഗോളവേദിയാണ് ദുബൈയിൽ ഒരുങ്ങുന്നത്. ഈ സാങ്കേതിക വിദ്യയുടെ അനിതരസാധാരണമായ സാധ്യതകൾ ദുബൈ അസംബ്ലിയിൽ പങ്കെടുക്കുന്നവർക്ക് അനുഭവിക്കാൻ കഴിയും. മെറ്റാവേഴ്സിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കുകയും ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ആദ്യ നഗരമായി ദുബൈയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം' -ശൈഖ് ഹംദാൻ പറഞ്ഞു. ഇതിനെ സ്വീകരിക്കാൻ ലോകത്തെ സജ്ജമാക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. വ്യോമയാനം, ലോജിസ്റ്റിക്സ്, റീട്ടെയിൽ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളിൽ എന്തെല്ലാം സാധ്യതകൾ ഉണ്ടെന്നും അസംബ്ലി വിലയിരുത്തും. വിദ്യാഭ്യാസം, പ്രചോദനം, സംഭാവന എന്നീ മൂന്ന് ട്രാക്കുകളിലൂടെയാണ് അസംബ്ലിയിലെ ചർച്ചകൾ പുരോഗമിക്കുക.
'ഏറെ സാധ്യതകളുള്ള ഒരു ഡിജിറ്റൽ ലോകമാണ് മെറ്റാവേഴ്സ്. യു.എ.ഇക്കും മറ്റ് ലോകരാജ്യങ്ങൾക്കും അതിന്റെ ഗുണഫലങ്ങൾ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയതും ഭാവിയിൽ വരാനിരിക്കുന്നതുമായ സാങ്കേതികവിദ്യകളുടെ ആഗോള വേദിയായും മുൻനിര നേതാവായും ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായാണ് മെറ്റാവേഴ്സ് അസംബ്ലി വിഭാവനം ചെയ്തിരിക്കുന്നത്' -ശൈഖ് ഹംദാൻ പറഞ്ഞു.
2022 മേയിൽ ചേർന്ന ദുബൈ കൗൺസിൽ യോഗത്തിലാണ് ശൈഖ് ഹംദാൻ ചെയർമാനായി മെറ്റാവേഴ്സ് ഉന്നതാധികാര സമിതി രൂപമെടുത്തത്. അടുത്ത അഞ്ച് വർഷത്തിനകം ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പുതിയ മെറ്റാവേഴ്സ് നയം തിങ്കളാഴ്ച ശൈഖ് ഹംദാൻ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വർഷത്തിനകം 40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 400 കോടി ഡോളറിന്റെ വരുമാനം ദുബൈയുടെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാവുക തുടങ്ങിയവയും പുതിയ നയത്തിന്റെ ലക്ഷ്യങ്ങളാണ്.
ദുബൈ ഫ്യൂചർ മ്യൂസിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

